അഞ്ച് വര്‍ഷമായി ജയിലില്‍: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷര്‍ജില്‍ ഇമാം
India
അഞ്ച് വര്‍ഷമായി ജയിലില്‍: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷര്‍ജില്‍ ഇമാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th July 2025, 1:24 pm

ന്യൂദല്‍ഹി: ആക്ടിവിസ്റ്റും ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയുമായിരുന്ന ഷര്‍ജീല്‍ ഇമാം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം ഇക്കാര്യം ദി സ്‌ക്രോളിനോട് സ്ഥിരീകരിച്ചു.

കിഷന്‍ഗഞ്ച് ജില്ലയിലെ ബഹാദൂര്‍ഗഞ്ച് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമഭയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഷര്‍ജില്‍ ഇമാം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

2020ലെ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ടിക്കറ്റില്‍ വിജയിച്ച മുഹമ്മദ് അന്‍സാര്‍ നയീമിയാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇദ്ദേഹം അടുത്തിടെ ആര്‍.ജെ.ഡിക്കൊപ്പം ചേര്‍ന്നിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

ഷര്‍ജില്‍ ഇമാം

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഷര്‍ജില്‍ ഇമാം.

2019 ഡിസംബറില്‍ ദല്‍ഹിയിലും 2020 ജനുവരിയില്‍ അലിഗഢ്, അസന്‍സോള്‍, ചക്ബന്ദ് എന്നിവിടങ്ങളിലും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് 2020 ജനുവരിയില്‍ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കലാപത്തിലേക്ക് വഴിവെക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്നും ചില മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്നതാണ് പ്രസംഗമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് ഷര്‍ജില്‍ ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അക്രമമെന്നും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നുമാണ് ദല്‍ഹി പൊലീസിന്റെ കുറ്റപത്രം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ ചില ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, രാജ്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തല്‍, വിദ്വേഷം സൃഷ്ടിക്കുക എന്നീ വകുപ്പുകളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

നിരവധി കേസുകളില്‍ ഷര്‍ജില്‍ ഇമാമിന് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും വിവിധ കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ ജയില്‍മോചനം സാധ്യമായിട്ടില്ല.

Content Highlight: Activist Sharjeel Imam to contest Bihar polls