'നീതി, സ്വാതന്ത്ര്യം, ഹിജാബിന്റെ സ്വതന്ത്ര തെരഞ്ഞെടുപ്പ്'; ഇറാന്‍ ആഘോഷിക്കുന്ന സംഘികള്‍ ഈ മുദ്രാവാക്യം ഇന്ത്യയില്‍ അംഗീകരിക്കുമോ? കവിത കൃഷ്ണന്‍
national news
'നീതി, സ്വാതന്ത്ര്യം, ഹിജാബിന്റെ സ്വതന്ത്ര തെരഞ്ഞെടുപ്പ്'; ഇറാന്‍ ആഘോഷിക്കുന്ന സംഘികള്‍ ഈ മുദ്രാവാക്യം ഇന്ത്യയില്‍ അംഗീകരിക്കുമോ? കവിത കൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2022, 8:47 pm

ന്യൂദല്‍ഹി: അതിശയിപ്പിക്കുന്ന ഇറാന്‍ പ്രതിഷേധങ്ങളിലെ മുദ്രാവാക്യങ്ങള്‍ വര്‍ത്തമാനകാല ഇന്ത്യയിലും പ്രസക്തമാണെന്ന് സി.പി.ഐ(എം.എല്‍) ലിബറേഷന്‍ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ആക്ടിവിസ്റ്റ് കവിത കൃഷ്ണന്‍. ഇറാനിലെ പ്രതിഷേധം ആഘോഷിക്കുന്ന സംഘപരിവാര്‍ ഇക്കാര്യം മനസിലാക്കണമെന്നും കവിത പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘അതിശയിപ്പിക്കുന്ന ഇറാന്‍ പ്രതിഷേധങ്ങളിലെ ഒരു ജനപ്രിയ മുദ്രാവാക്യം ഇന്ത്യയില്‍ നമ്മോട് നന്നായി പ്രതിധ്വനിക്കുന്ന ഒന്നാണ്.

‘എദാലത്ത്, ആസാദി, ഹിജാബ്-ഇ ഇഖ്ത്യാരി’ (നീതി, സ്വാതന്ത്ര്യം, ഹിജാബില്‍ ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ്). ഇറാന്‍ പ്രതിഷേധം ആഘോഷിക്കുന്ന സംഘപരിവാറുകാര്‍ ദയവായി ഈ മുദ്രാവാക്യം ഇന്ത്യയിലും അംഗീകരിക്കണം,’ കവിത കൃഷ്ണന്‍ പറഞ്ഞു.

അതേസമയം, മഹ്സ അമിനി എന്ന 22കാരിയായിരുന്നു സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഇറാനില്‍ കാല്ലപ്പെട്ടത്. ഹിജാബുമായി ബന്ധപ്പെട്ടായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.
വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായതിന് പിന്നാലെയായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്‌സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

സ്ത്രീകളുള്‍പ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് നടത്തുന്നത്. ഹിജാബ് ധരിക്കാത്തത് നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഹിജാബ് വലിച്ചൂരിയും മുടി മുറിച്ചുമാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്.