യുദ്ധത്തില്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടി വേണം; യുദ്ധ കാലത്തും വിദ്യാഭ്യാസം അവകാശം: യു.എന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ
World
യുദ്ധത്തില്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടി വേണം; യുദ്ധ കാലത്തും വിദ്യാഭ്യാസം അവകാശം: യു.എന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ
നിഷാന. വി.വി
Friday, 26th June 2026, 11:36 am

ന്യൂയോര്‍ക്ക് സിറ്റി: സായുധ സംഘര്‍ഷങ്ങള്‍ നടക്കുന്ന മേഖലകളില്‍ സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ. കുട്ടികളുടെ സുരക്ഷ പൂര്‍ണമാവണമെങ്കില്‍ അക്രമികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ പറഞ്ഞു.

യു.എന്‍ സുരക്ഷാ സമിതിയില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡര്‍ ഹരീഷ് പര്‍വ്വതനേനിയുടെ പരാമര്‍ശം.

‘യുദ്ധകാലത്തും തടസമില്ലാതെ തുടരേണ്ട ഒന്നാണ് വിദ്യാഭ്യാസം. അത് കുട്ടികളുടെ അവകാശമാണ്. സുസ്ഥിരമായ സമാധാനത്തിലേക്ക് നയിക്കുന്ന ഏറ്റവും ശക്തമായ മാര്‍ഗങ്ങളിലൊന്നാണിത്,’ അദ്ദേഹം പറഞ്ഞു.

യു.എന്‍ സെക്രട്ടറി ജനറലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സായുധ സംഘര്‍ഷ മേഖലകളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഭയാനകമായ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. ലോകമെമ്പാടുമായി ഏകദേശം 47.3 കോടി കുട്ടികള്‍ (ലോകത്തിലെ ആറില്‍ ഒരു കുട്ടി വീതം) യുദ്ധമേഖലകളിലാണ് ജീവിക്കുന്നത്.

ഇതില്‍ 8.5 കോടിയിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു വര്‍ഷത്തിനിടെ സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 44 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഒരു കുട്ടിയുടെ വിദ്യാഭ്യാസം സംരക്ഷിക്കുകയെന്നാല്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ സമാധാനം സംരക്ഷിക്കലാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണം നടത്തുന്നവര്‍ അതിന്റെ ഉത്തരരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടനാപരമായ മൗലികാവകാശമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കൂടാതെ കൊവിഡ് കാലത്തും മറ്റും വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ച ഇന്ത്യയുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ‘ദിക്ഷ’യെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഡിജിറ്റല്‍ ലേണിങ് സംവിധാനങ്ങള്‍ യുദ്ധബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനായുള്ള ഒരു വലിയ പാലമായി മാറുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.

അയല്‍രാജ്യങ്ങളില്‍ നിന്നും മറ്റുമുള്ള അഭയാര്‍ത്ഥി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, വിവിധ രാജ്യങ്ങളില്‍ സ്‌കൂളുകളും വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകളും പുനര്‍നിര്‍മിക്കാന്‍ ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Action must be taken against those who attack schools during war; Right to education even during war: India at UN Security Council

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.