വര്‍ഗ്ഗീയ-വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കിരണ്‍ റിജ്ജു
Daily News
വര്‍ഗ്ഗീയ-വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കിരണ്‍ റിജ്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th July 2016, 6:33 pm

kiran1

ദല്‍ഹി: ദാദ്രി കൊലപാതകത്തെ തുടര്‍ന്ന് വര്‍ഗ്ഗീയതയും വംശീയവിദ്വേഷവും പ്രചരിപ്പിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ദാദ്രി സംഭവത്തിന് ശേഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

അല്‍ഖ്വയ്ദ, ഹിസ്ബുള്‍ മുജാഹിദീന്‍, ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ആളുകളെ തങ്ങളുടെ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചതിന് മധ്യവയസ്‌കനായ അഖ്‌ലാക്കിനെ തല്ലിക്കൊന്ന സംഭവം സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും ജനങ്ങളെ വിഘടിപ്പിക്കുന്നതിനും ഉപയോഗിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ വലിയ വെല്ലുവിളിയാണെന്നും അതിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മതിയായ പരിശീലനം നേടിയ സംഘത്തിന്റെ അപര്യാപ്തത ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഉണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും റിജ്ജു പറഞ്ഞു. അതേസമയം അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിന് സര്‍ക്കാരിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.