തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്രയില്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ് പോലീസ് പരിശീലകനായ ഡോ. രജിത് കുമാറിനെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.[]
സര്‍ക്കാരിന്റെ യാതൊരു പരിപാടിയിലും രജിത് കുമാറിനെ പങ്കെടുപ്പിക്കില്ല. വിവാദ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ സേവനം ഇനി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ നടന്ന് ചടങ്ങിലാണ് യാത്രാ ക്യാപ്റ്റന്‍ കൂടിയായ ഡോ.രജിത് കുമാര്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.
“”ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത് സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണം എന്ന്… ഇഷ്ടപ്പെട്ടില്ല!…ഇഷ്ടപ്പെട്ടില്ല!…പയ്യന്‍ ഇവിടുന്നു ചാടുന്നതിനെക്കാള്‍ അപ്പുറമായി എനിക്കു ചാടണം…”
“ഈ ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ…ഒന്നു സ്ലിപ് ചെയ്ത് നീ ബാക്‌ബോണ്‍ ഇടിച്ചു വീണാല്‍, നിന്റെ യൂട്ടറസ് സ്‌കിപ് ചെയ്തു പോവും… അത് കഴിഞ്ഞാല്‍ നീ ത്രി ടു ഫൈവ് ലാക്‌സ് റെഡന്‍ഷനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും.. യൂട്ടറസ് നേരെയാക്കാന്‍…നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍…. ഇല്ലെങ്കില്‍ കൊഴപ്പല്ലാട്ടോ…”
ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനുവുന്നവരാണ് പെണ്‍കുട്ടികള്‍. തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് എന്നും പ്രസംഗത്തില്‍ പറയുന്നു.
മാനംമര്യാദയ്ക്കു വസ്ത്രധാരണം നടത്തിയാല്‍ പീഡനമുണ്ടാവില്ലെന്നും ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നുമായിരുന്നു സ്റ്റുഡന്റ് പൊലീസ് പദ്ധതിയിലെ പരിശീലകന്‍ കൂടിയായ രജിത് കുമാറിന്റെ പ്രസംഗം.
പെണ്‍കുട്ടികളെന്തിനാണു ജീന്‍സ് ധരിക്കുന്നത്? ശാലീനസുന്ദരികള്‍ക്കേ ഭര്‍ത്താവിന്റെ ബഹുമാനം പിടിച്ചുപറ്റാന്‍ കഴിയൂ. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്‌നേഹവും ഇല്ലാതാവും.
സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച ആര്യ എന്ന പെണ്‍കുട്ടി പൊതുവേദിയില്‍ അദ്ദേഹത്തെ കൂവി വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
എന്നാല്‍ അതേക്കുറിച്ച് രജിത് കുമാറിന്റെ പ്രതികരണം ഇതായിരുന്നു. “നമുക്കാ മോളോടു ക്ഷമിക്കാം… ഒരു പ്രോബ്ലോമില്ല.. കാരണം എല്ലാം ജീനുകളുടെ പ്രശ്‌നങ്ങളാണ്..ഡിഎന്‍എയും ജീനും…മനസ്സിലായോ ?” എന്നുപറഞ്ഞ് രജിത് കുമാര്‍ പൊതുവേദിയില്‍ കുട്ടിയെ അപമാനിക്കുകയും ചെയ്തു.
ഇങ്ങനെയുള്ള സംസാരം തുടര്‍ന്നാല്‍ വിദ്യാര്‍ഥിനികളുടെ പ്രതികരണം മോശമാകുമെന്ന് കോളേജ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രജിത് കുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്.
