ആഗ്രഹം ടീച്ചറാകാന്‍, ഇഷ്ടം എഴുത്തിനോട്; അഭിനയമിപ്പോള്‍ ജീവിതമാര്‍ഗം: ഉര്‍വശി
Malayalam Cinema
ആഗ്രഹം ടീച്ചറാകാന്‍, ഇഷ്ടം എഴുത്തിനോട്; അഭിനയമിപ്പോള്‍ ജീവിതമാര്‍ഗം: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th October 2025, 8:32 am

മലയാള സിനിമയില്‍ 40 വര്‍ഷത്തിലധികമായി സജീവമായി നില്‍ക്കുന്ന നടിയാണ് ഉര്‍വശി. സിനിമയിലെ ഓരോ മാറ്റങ്ങളും കണ്ടുവളര്‍ന്ന നടിയും കൂടിയാണ് അവര്‍. നിരവധി അവാര്‍ഡുകളും താരത്തിന് ലഭിച്ചു.

ഏറ്റവും ഒടുവിലായി ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ തനിക്ക് ടീച്ചറാകണമെന്നായിരുന്നു ആഗ്രഹമെന്നും എഴുത്തായിരുന്നു ഇഷ്ടമെന്നും ഉര്‍വശി പറയുന്നു. അഭിനയം ഇപ്പോള്‍ തന്റെ ജീവിതമാര്‍ഗമാണെന്നും നടി പറഞ്ഞു.

‘ഒരു കഥാപാത്രവും വേണമെന്ന് വിചാരിച്ചിട്ടല്ല എനിക്ക് കിട്ടിയത്. എന്തായാലും സിനിമയുടെ ഏതെങ്കിലും ഭാഗത്ത് വരും എന്ന തോന്നലുണ്ടായിരുന്നു. ടീച്ചറാകണം എന്നായിരുന്നു ആഗ്രഹം. എല്ലാവരും സിനിമയില്‍ ആയതുകൊണ്ട് എഴുതണമെന്നായിരുന്നു ആഗ്രഹം.

അഭിനയം എനിക്ക് വീണുകിട്ടിയൊരു ലോട്ടറിയാണ്. അങ്ങനെ കിട്ടിയതുകൊണ്ട് നഷ്ടപ്പെടുത്താതെ നോക്കണം എന്നുമാത്രം. മറ്റൊരു കാരണം ഇതെന്റെ ജീവിതമാര്‍ഗം ആണ്. അത് മോശം ആകരുത്. എന്റെ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യുന്നു,’ ഉര്‍വശി പറഞ്ഞു.

ഒരുപാട് സിനിമകള്‍ എന്നില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതൊക്കെ നന്നായി എന്നുമാത്രമേ തോന്നിയിട്ടുള്ളുവെന്നും ഉര്‍വശി പറയുന്നു. അതില്‍ കുറ്റബോധം ഇല്ലെന്നും ‘ഉര്‍വശി അന്ന് അഭിനയിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെടുമായിരിക്കും’ അവര് പറയുമായിരിക്കുമെന്നും എന്തിനാണ് അതിനേക്കാള്‍ മെച്ചപ്പെടുന്നതെന്നും ഉര്‍വശി ചോദിക്കുന്നു.

ഒന്നിനെ പോലെ മറ്റൊന്നില്ല. കിലുക്കം, ചിത്രം പോലെയുള്ള സിനിമകളൊക്കെ നല്ല രസമായി വന്ന സിനിമകളാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

കിലുക്കത്തില്‍ രേവതി അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ഉര്‍വശിയെ ആയിരുന്നു. ചിത്രം എന്ന സിനിമയും ഉര്‍വശിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമയാണ്.

Content Highlight:  Wants to be a teacher, loves writing; acting is now my way of life says Urvashi