അന്ന് അതിൽ അഭിനയിച്ചത് ഇൻഡസ്ട്രിയിൽ വലിയ പ്രശ്‌നമായി, ഞാൻ ശ്രദ്ധിച്ചില്ല: വിന്ദുജ മേനോൻ
Malayalam Cinema
അന്ന് അതിൽ അഭിനയിച്ചത് ഇൻഡസ്ട്രിയിൽ വലിയ പ്രശ്‌നമായി, ഞാൻ ശ്രദ്ധിച്ചില്ല: വിന്ദുജ മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 7:39 pm

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വിന്ദുജ മേനോൻ. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് വിന്ദുജ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അഭിനേത്രിയെന്നതിനപ്പുറം നൃത്ത അധ്യാപികയും കൂടിയാണ് വിന്ദുജ.

ഇപ്പോൾ താൻ സീരിയലിൽ അഭിനയിച്ചതിനെക്കുറിച്ചും പവിത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് വിന്ദുജ.

‘അന്ന് സീരിയലിൽ അഭിനയിച്ചത് ഇൻഡസ്ട്രിയിൽ വലിയ പ്രശ്‌നമായിരുന്നു. എന്നാൽ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. ജ്വാലയായ്, സ്ത്രീ, ഇഷ്ടമായ്, സസ്നേഹം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചതുകൊണ്ടുകൂടിയാണ് എന്നെ ഇന്നും മലയാളികൾ തിരിച്ചറിയുന്നത്’ വിന്ദുജ മേനോൻ പറയുന്നു.

നാടകത്തിലും വലിയ മുൻപരിചയങ്ങളില്ലാതെയാണ് താൻ അഭിനയിച്ചതെന്നും മികച്ച നടിക്കുള്ള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഗർഭിണിയായി എട്ടാംമാസംവരെ ‘ജ്വാലയായ്’ എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്നും വിന്ദുജ പറയുന്നു.

ഞാൻ ഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് സിനിമയെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലായത് അപ്പോൾ ഞാൻ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു’ വിന്ദുജ പറഞ്ഞു. ആ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിൽ അന്ന് തൻ്റെ ക്രഷായ നിധീഷ് ഭരദ്വാജ് എന്ന നടനെ അടുത്തുകാണണം എന്നുള്ള ആഗ്രഹം കൊണ്ടുകൂടിയായിരുന്നെന്നും നടി പറഞ്ഞു. സിനിമയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത് പവിത്രത്തിൽ അഭിനയിച്ചപ്പോഴാണെന്നും നടി പറയുന്നു.

നാട്ടിൻപുറത്തുകാരനായ ഒരാള്‍ വളര്‍ത്തുന്ന കുട്ടിക്ക് ആവശ്യമായ നാടന്‍ തനിമയുള്ള സീനുകള്‍ പവിത്രത്തില്‍ ധാരാളമുണ്ടായിരുന്നെന്നും തനിക്ക് ഇഴുകി ചേരാൻ കഴിയുന്ന വിധം സംവിധായകൻ ആ കഥാപാത്രത്തെ ഉപയോഗിച്ചെന്നും വിന്ദുജ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ മുടിയെയും നൃത്തത്തെയും സംവിധായകൻ നന്നായി ഉപയോഗിച്ചെന്നും എക്കാലത്തെയും ശ്രേഷ്ഠമായ ക്രൂവിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടി എന്നതാണ് തൻ്റെ ഭാഗ്യമെന്നും വിന്ദുജ പറഞ്ഞിരുന്നു.

Content Highlight: Acting in it back then caused a big problem in the industry says Vinduja Menon