ഇനി ആസിഫ് അലിയുടെ സിനിമകളില്‍ എന്നെ വിളിക്കില്ലെന്ന് പറഞ്ഞു: ഐശ്വര്യ ലക്ഷ്മി
Entertainment news
ഇനി ആസിഫ് അലിയുടെ സിനിമകളില്‍ എന്നെ വിളിക്കില്ലെന്ന് പറഞ്ഞു: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th November 2022, 1:55 pm

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രമാണ് ഗാട്ട ഗുസ്തി. രാക്ഷസന്‍ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ വിഷ്ണു വിശാല്‍ ആണ് നായകന്‍. ഗാട്ട ഗുസ്തിയുടെ പ്രൊമോഷനിടെ ആസിഫ് അലിയെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടന്ന് ചിന്തിച്ച ഒരു കാര്യം പറയാനായി അവതാരകന്‍ ആവശ്യപ്പെട്ടപ്പോഴാണ് നടനെക്കുറിച്ച് ഐശ്വര്യ സംസാരിച്ചത്.

കുമാരിയുടെ പൊമോഷനിടെ ആസിഫ് അലിക്ക് ഭയങ്കര കുരുത്തക്കേടാണെന്ന് താന്‍ പറഞ്ഞത് പ്രശ്‌നമായതിനെക്കുറിച്ച് താരം സംസാരിച്ചു. നിമിഷനേരം കൊണ്ട് ആസിഫ് അലിയും കുടുംബവും അത് കണ്ടെന്നും വിളിച്ച് തന്നോട് സംസാരിച്ചുവെന്നും അതിന് ശേഷം തന്റെ അമ്മയും വിളിച്ചുവെന്നും ഐശ്വര്യ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

”കുമാരിയുടെ പ്രൊമോഷന്‍ നടക്കുമ്പോള്‍ ഏതെങ്കിലും നടനില്‍ ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യമുണ്ടോയെന്ന് ചോദിച്ചു. സാധാരണ നടിമാരോട് ചോദിക്കാറുള്ള ചോദ്യമാണിത്. ആസിഫ് അലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഭയങ്കര കുരുത്തക്കേടാണെന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ അവിടെ പറഞ്ഞ് ഒരു സെക്കന്റ് ആവുമ്പോഴേക്കും അത് ആസിഫ് അലിയും അവരുടെ കുടുംബവും കണ്ടു. പിന്നെ എന്നെ വിളിച്ചിട്ട് എന്തിനാണ് നീ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. അത് കഴിഞ്ഞപ്പോഴേക്കും എന്റെ അമ്മ വിളിച്ചു. അമ്മയും എന്തൊക്കെയോ സംസാരിച്ചു. ഇനി ആസിഫ് അലിയുടെ സിനിമകളില്‍ എന്നെ വിളിക്കില്ലെന്ന് പറഞ്ഞു,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

നേരത്തെ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലിയെക്കുറിച്ച് ഐശ്വര്യ സംസാരിച്ചത്. വിജയ് സൂപ്പറും പൗര്‍ണമിയും സിനിമയുടെ പ്രൊമോഷന് പോവുമ്പോള്‍ ആസിഫ് മൂക്ക് പിടിച്ച് തിരിക്കുന്നത് കൊണ്ട് മൂക്ക് ചുവന്നിരിക്കുമെന്നും അദ്ദേഹത്തിന് ഭയങ്കര കുരുത്തക്കേടാണെന്നുമാണ് നടി പറഞ്ഞത്.

”ആസിഫ് അലിക്ക് ഭയങ്കര കുരുത്തക്കേടാണ്. ഒരു രക്ഷയുമില്ല കുരുത്തക്കേട് കുറച്ച് കൂടുതലാണ്. ഇതെല്ലാം കഴിഞ്ഞിട്ട് എന്നെ ഇനി ആസിഫ് അലിയുടെ സിനിമയിലേക്ക് വിളിക്കുമോ ആവോ…

വിജയ് സൂപ്പറും പൗര്‍ണമിയുടെയും പ്രൊമോഷന് പോവുമ്പോള്‍ എന്റെ മൂക്കെല്ലാം ചുവന്നിരിക്കും. മൂക്ക് പിടിച്ച് തിരിക്കുന്നതാണ്. ഭയങ്കര വേദനയാണ് മൂക്കിന്റെ മുകളില്‍ നല്ല ചുവപ്പായിരിക്കും. സ്‌നേഹം കൂടിയത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

ചെല്ല അയ്യാവുവാണ് ഗാട്ട ഗുസ്തിയുടെ രചനയും സംവിധാനവും. കരുണാസ്, ശ്രീജ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ആര്‍.ടി. ടീം വര്‍ക്സ്, വി.വി. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഡിസംബര്‍ രണ്ടിന് തമിഴിലും തെലുങ്കിലുമായി ചിത്രം തിയേറ്ററുകളിലെത്തും.

content highlight: acress aiswarya lekshmi about asif ali