കോഴിക്കോട്: മെഡിക്കല്‍ കോളേജ് പീഡനക്കേസ് അതിജീവിതയെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ തിരികെ ജോലിയില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതിഷേധം. പ്രതികളെ തിരിച്ചെടുത്ത മെഡിക്കല്‍ കോളേജ് നടപടിക്കെതിരെ അതിജീവിത സമരത്തിനൊരുങ്ങുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് അതിജീവിത അറിയിച്ചത്.
വ്യാഴാഴ്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ പീഡനത്തിനിരയായ അതിജീവിത പ്രതികരിച്ചു.
ബുധനാഴ്ചയാണ് അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ മെഡിക്കല്‍ കോളേജിലെ ജോലിയില്‍ പുനപ്രവേശനം നേടിയത്. സമരസമിതിയുടെ പ്രതിഷേധം തുടരുന്നതിനിടെ പ്രതികള്‍ വീണ്ടും ജോലിക്കെത്തിയതിന് കാരണം ഭരണാനുകൂല സംഘടനകളുടെ ഇടപെടലാണെന്ന് ആരോപണം ഉയര്‍ന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ തുടരുകയായിരുന്ന യുവതിയെ 2023 മാര്‍ച്ച് 18നാണ് അറ്റന്‍ഡറായ ശശീന്ദ്രന്‍ പീഡനത്തിനിരയാക്കിയത്. യുവതിയുടെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജോലിയില്‍ നിന്നും നീക്കുകയും ചെയ്തു.
പിന്നീട് പ്രതിക്ക് വേണ്ടി സഹായങ്ങള്‍ ചെയ്ത അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടിയുണ്ടായി. അതിജീവിതയുടെ പരാതി കണക്കിലെടുത്താണ് ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
അന്നത്തെ ചീഫ് നഴ്‌സിങ് ഓഫീസര്‍, നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തുടങ്ങിയവരാണ് പ്രതിയായ ശശീന്ദ്രന് അനുകൂലമായി കേസില്‍ ഇടപെടുകയും അതിജീവിതയായ യുവതിയെ മൊഴിമാറ്റുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഇതിനിടെ, അതിജീവിതക്ക് പിന്തുണ നല്‍കിയ നഴ്‌സിങ് ഓഫീസറെ സ്ഥലം മാറ്റുകയും ചെയ്തു. എങ്കിലും ഹൈക്കോടതി ഇടപെടലോടെ ഇവരെ തിരിച്ചെടുത്തിരുന്നു.
യുവതി പീഡനത്തിനിരയായിട്ടില്ലെന്നും ശാസ്ത്രീയ പരിശോധന വേണ്ടെന്നും കാണിച്ച് ഗൈനക്കോളജിസ്റ്റായ ഡോ. കെ.വി പ്രീത നല്‍കിയ റിപ്പോര്‍ട്ടും ഇതിനിടെ വിവാദത്തിലായിരുന്നു. റിപ്പോര്‍ട്ട് കൃത്രിമമാണെന്ന് കണ്ടെത്തുകയും ഡോക്ടര്‍ക്കെതിരെ അന്വേഷണം നടക്കുകയും ചെയ്തു.
Content Highlight: Accused in Kozhikode Medical College ICU case return to work; survivor prepare for strike