ലോകത്താകമാനം വലിയൊരു ശതമാനം ആരാധകരുള്ള പോപ്പ് കള്‍ച്ചറാണ് കെ-പോപ്പ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മ്യൂസിക് ബാന്‍ഡ് ആയിരുന്നു ബി.ടി.എസ്. ആര്‍എം, ജിന്‍, സുഗ, ജെ-ഹോപ്പ്, ജിമിന്‍, വി (കിം ടെഹ്യുങ്), ജങ്കൂക്ക് എന്നിവരടങ്ങുന്ന ഈ ഏഴ് അംഗ ഗ്രൂപ്പിന്റെ ഫാന്‍ബെയ്സ് മറ്റേതൊരു പോപ്പ് ഗ്രൂപ്പിനേക്കാളും മുകളിലാണ്. ഇപ്പോള്‍ സൗത്ത് കൊറിയയുടെ സൈനിക സേവനത്തിലാണ് ബി.ടി.എസിലെ അംഗങ്ങള്‍.
ഏറ്റവും ഉയര്‍ന്ന റാങ്കുള്ള കെ-പോപ്പ് ട്രൂപ്പായാണ് ബി.ടി.എസിനെ കണക്കാക്കാറുള്ളത്. എന്നാല്‍ 2025 ജൂണിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള കെ-പോപ്പ് ഗ്രൂപ്പ് ഇനി ബി.ടി.എസ് അല്ല. കൊറിയ ബ്രാന്‍ഡ് റെപ്യൂട്ടേഷന്‍ ഇന്‍ഡക്‌സ് അനുസരിച്ച്, ഉയര്‍ന്ന റാങ്കിങ് സെവന്റീന്‍ എന്ന ട്രൂപ്പാണ് നേടിയിരിക്കുന്നത്.
എസ്.കൂപ്സ്, ജിയോങ്ഹാന്‍, ജോഷ്വ, ജുന്‍, ഹോഷി, വോണ്‍വൂ, വൂസി, ഡികെ, മിംഗ്യു, ദി8, സ്യൂങ്ക്വാന്‍, വെര്‍നോണ്‍, ഡിനോ എന്നിവരടങ്ങുന്ന ട്രൂപ്പ് ജനപ്രീതിയില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ദിനംപ്രതി അവരുടെ ആരാധകര്‍ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍ മാസത്തെ അവരുടെ മൂല്യം 7,027,417 ആയി വര്‍ധിച്ചിട്ടുണ്ട്. മെയ് മാസത്തെ അവരുടെ സ്‌കോറിനെ അപേക്ഷിച്ച് 22.66% വര്‍ധനവാണിത്.
മെയ് മാസത്തില്‍ ഈ റാങ്കിങ് പട്ടികയില്‍ ഒന്നാമത് ബി.ടി.എസ് ആയിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ ട്രൂപ്പ് രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ബി.ടി.എസിലെ ആര്‍എം, ജിന്‍, ജെ-ഹോപ്പ്, ജിമിന്‍, വി, ജങ്കൂക്ക് എന്നിവര്‍ രാജ്യത്തിനായുള്ള നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കിയപ്പോള്‍ മറ്റുള്ളവര്‍ ഇപ്പോഴും സേനയില്‍ തന്നെയാണ്.
പെണ്‍കുട്ടികളുടെ ബാന്‍ഡില്‍ ഇപ്പോഴും ജിസൂ, ലിസ, ജെന്നി, റോസ് എന്നിവരടങ്ങുന്ന ബ്ലാക്ക്പിങ്ക് തന്നെയാണ് മുമ്പിലെങ്കിലും സെവെന്റീനിന്റെ ബ്രാന്‍ഡ് മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്ലാക്ക്പിങ്കിന്റെ ബ്രാന്‍ഡ് മൂല്യം ഇപ്പോഴും കുറവാണ്.