ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Kerala News
ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 1:15 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അതിനിടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹരജി നല്‍കി.

മൂന്ന് കോടതികളിലായി മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അങ്കമാലി കോടതിയുടെ കസ്റ്റഡിയിലിരിക്കെ ഒരു വര്‍ഷം മജിസ്ട്രേറ്റ് ലീന റഷീദ് ഈ മെമ്മറി കാര്‍ഡ് സ്വകാര്യമായി കസ്റ്റഡയില്‍ വെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മെമ്മറി കാര്‍ഡ് സ്വകാര്യമായി കസ്റ്റഡിയില്‍ വെക്കാമെന്ന ധാരണയിലായിരുന്നു കൈവശം വെച്ചതെന്ന് മാത്രമാണ് സംഭവത്തില്‍ മജിസ്ട്രേറ്റിന്റെ മൊഴിയായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

2018 ഡിസംബർ 13ന് ജില്ലാ ജഡ്ജിയുടെ പി.എയായ മഹേഷ് തന്റെ മൊബൈൽ ഫോണിലിട്ട് മെമ്മറി കാർഡ് പരിശോധിച്ചുവെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ജഡ്ജിയുടെ നിർദേശ പ്രകാരം മെമ്മറി കാർഡ് പരിശോധിച്ചുവെന്നാണ് മഹേഷിന്റെ മൊഴി. 2021ൽ വിചാരണ കോടതി ജഡ്ജി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോടതി ചെസ്റ്റിൽ സൂക്ഷിക്കേണ്ട മെമ്മറി കാർഡാണ് ശിരസ്തദാർ പരിശോധിച്ചത്.

അതേസമയം മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവം കേസെടുത്ത് അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ഐ.ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണത്തിന്റെ ചുമതല നല്‍കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. പ്രസ്തുത ഹരജി ഈ മാസം 12ന് ഹൈക്കോടതി പരിഗണിക്കും.

Content Highlight: According to the investigation report, the memory card in the case of the attack on the actress was illegally checked three times