ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴക വെട്രി കഴകം. നാമക്കലിലുണ്ടായ അപകടത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ടി.വി.കെ കോടതിയെ സമീപിച്ചത്.
സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി.വി.കെ ഹൈക്കോടതിയെ സമീപിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നാണ് ടി.വി.കെയുടെ പ്രധാന ആരോപണം.
ഒന്നുകില്‍ കരൂരിലെ അപകടം കോടതി സ്വമേധയാ അന്വേഷിക്കണം. അല്ലാത്തപക്ഷം സ്വതന്ത്ര ഏജന്‍സിയ്ക്ക് കേസിലെ അന്വേഷണം കൈമാറണമെന്നും ടി.വി.കെ ആവശ്യപ്പെട്ടു.
ടി.വി.കെ ഫയല്‍ ചെയ്ത ഹരജി ജസ്റ്റിസ് ദണ്ഡപാണി അംഗീകരിച്ചതായാണ് വിവരം. കേസ് നാളെ (തിങ്കള്‍) മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
നേരത്തെ വിവേചനരഹിതമായി രാഷ്ട്രീയ പാര്‍ട്ടികളെ പ്രചരണം നടത്താന്‍ അനുവദിക്കണമെന്ന് തന്റെ എല്ലാ കീഴുദ്യോഗസ്ഥര്‍ക്കും ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊലീസ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് ആഗസ്റ്റില്‍ ടി.വി.കെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹരജി പരിഗണിച്ച കോടതി വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊതുസ്വത്തിന് കേടുപാടുണ്ടാകാതെയാകണം പ്രചരണം നടത്തേണ്ടതെന്ന് കോടതി നിർദേശിച്ചിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളും ഭിന്നശേഷിക്കാരും സ്വന്തം ക്ഷേമത്തിനായി പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുന്നതിലൂടെ വിജയ് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകണമെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍ സംസ്ഥാനത്തുടനീളം നടത്താന്‍ തീരുമാനിച്ച പര്യടനത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ ടി.വി.കെ പ്രവര്‍ത്തകര്‍ കോടതിയുടെ നിര്‍ദേശം ലംഘിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
നിലവില്‍ കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ്‌യുടെ വീടിന് മുമ്പാകെ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് വിജയ്‌യുടെ വീടിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം കരൂര്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ വിജയ്‌യും തമിഴ്‌നാട് സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം, 20 ലക്ഷം രൂപ വീതം യഥാക്രമം സംസ്ഥാന സര്‍ക്കാരും വിജയ്‌യും നല്‍കും. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം സര്‍ക്കാരും രണ്ട് ലക്ഷം രൂപ വീതം വിജയ്‌യും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: Accident in Namakkal; TVK in High Court, Prime Minister announces financial assistance