കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; രോഗികള്‍ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍
Kerala News
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; രോഗികള്‍ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 8:22 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതിനിടെ രോഗികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. രോഗികള്‍ മരിച്ചത് പുക ശ്വസിച്ചതിനാല്‍ അല്ലെന്നും അപകടം ഉണ്ടാവുന്നതിന് മുമ്പ് തന്നെ രോഗികളുടെ ആരോഗ്യ നില മോശമായിരുന്നെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

അതേസമയം മരിച്ചവരില്‍ രണ്ട് പേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരേയും ആത്മഹത്യ ശ്രമത്തിനിടെയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. മറ്റുള്ളവരുടെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പില്‍ പറഞ്ഞു.

മരണപ്പെട്ടവരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോള്‍ തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. മറ്റൊരാളെ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടുവന്നത്. ഇയാളുടെ നില ആശുപത്രിയിലേക്ക് എത്തിക്കുന്ന സമയത്ത് തന്നെ ഗുരുതരമായിരുന്നു. വരുന്ന സമയത്ത് തന്നെ കൗണ്ട് കുറവായിരുന്നു.

മറ്റൊരാള്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ഇയാളുടെ വൃക്കയും തകരാറിലായിരുന്നു. മറ്റൊരാള്‍ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.

അതേസമയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇതിന്റെ അറ്റകുറ്റ പണികള്‍ക്കായി ടെക്‌നീഷ്യന്‍മാര്‍ എത്തിയിരുന്നു. ഇന്നലെ (വെള്ളിയാഴ്ച) രാത്രി 7.45-ഓടെയാണ് മെഡിക്കല്‍ കോളേജില്‍നിന്നുള്ള അപകടവാര്‍ത്ത പുറത്തുവന്നത്.

ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അപകടമുണ്ടായപ്പോള്‍ രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം പരിഭ്രാന്തിയിലായിരുന്നു. തീപ്പിടിത്തമാണെന്ന വാര്‍ത്തയും വന്നിരുന്നു. പെട്ടെന്ന് തന്നെ വൊളന്റിയര്‍മാരും ആശുപത്രി അധികൃതരും സുരക്ഷാസേനകളുമെല്ലാം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഉടന്‍ തന്നെ മൂന്നുനിലകളിലെ രോഗികളെ പുറത്തെത്തിച്ചു. അപ്പോഴും നാലാം നിലയിലെ ന്യൂറോസര്‍ജറി വിഭാഗത്തിലെ രോഗികള്‍ അകത്ത് കുടുങ്ങി കിടക്കുകയായിരുന്നു. തുടര്‍ന്ന് നാലാംനിലയിലെ രോഗികളെയും എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. പുകയുടെ തോത് കുറഞ്ഞതോടെ കെട്ടിടം സീല്‍ചെയ്യാന്‍ തീരുമാനിച്ചു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. നിലവില്‍ അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.രോഗികളില്‍ പലരേയും തൊട്ടടുത്ത സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

നേരത്തെ അത്യാഹിത വിഭാഗത്തില്‍ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി. സിദ്ദിഖ് എം.എല്‍.എ ആരോപിച്ചിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്. നസീറ മരിച്ചത് വെന്റിലേറ്ററില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണെന്ന് എം.എല്‍.എ ആരോപിച്ചു.

കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവര്‍ മരിച്ചതെന്ന് ബന്ധുക്കളും പറഞ്ഞു. നസീറയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയായിരുന്നെന്നും ആശുപത്രിയില്‍ അപകടമുണ്ടായതാണ് നസീറയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

അതേസമയം ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് അറിയിച്ചിരുന്നു. ആശുപത്രിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് മേയര്‍ ബീന ഫിലിപ്പും ഇന്നലെ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Accident at Kozhikode Medical College; Medical College officials say patients did not die from smoke inhalation