തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അപകടത്തിന് പിന്നാലെ അഞ്ച് പേര്‍ മരിച്ചത് ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവമുള്ളതുമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സംഭവത്തില്‍ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.
അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതില്‍ കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേരുടെ മരണത്തില്‍ അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നിലവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്ന രോഗികളെല്ലാം ഒരു നിവൃത്തിയും ഇല്ലാത്ത സാധാരണക്കാരാണെന്നും അവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അപകടമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിനു വേണ്ടിയുള്ള ഒരു നിര്‍ദേശവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇത് ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പരാജയമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
‘ദിവസേന പതിനായിരക്കണക്കിന് രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി വിഭാഗം ഇല്ലാത്തതും അത്ഭുതകരമാണ്. ഇതേക്കുറിച്ചും അന്വേഷിക്കണം,’ വി.ഡി. സതീശന്‍ പറഞ്ഞു.
ഇന്നലെ (വെള്ളിയാഴ്ച) രാത്രി 7.45-ഓടെയാണ് മെഡിക്കല്‍ കോളേജില്‍നിന്നുള്ള അപകടവാര്‍ത്ത പുറത്തുവന്നത്. ഓക്സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അപകടമുണ്ടായപ്പോള്‍ രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം പരിഭ്രാന്തിയിലായിരുന്നു. തീപ്പിടിത്തമാണെന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ പിന്നീടാണ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന റിപ്പോര്‍ട്ട് വന്നത്.
അപകടമുണ്ടായപ്പോള്‍ പെട്ടെന്ന് തന്നെ വൊളന്റിയര്‍മാരും ആശുപത്രി അധികൃതരും സുരക്ഷാസേനകളുമെല്ലാം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഉടന്‍ തന്നെ മൂന്നുനിലകളിലെ രോഗികളെ പുറത്തെത്തിച്ചു. അപ്പോഴും നാലാം നിലയിലെ ന്യൂറോസര്‍ജറി വിഭാഗത്തിലെ രോഗികള്‍ അകത്ത് കുടുങ്ങി കിടക്കുകയായിരുന്നു.
തുടര്‍ന്ന് നാലാംനിലയിലെ രോഗികളെയും എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. പുകയുടെ തോത് കുറഞ്ഞതോടെ കെട്ടിടം സീല്‍ചെയ്യാന്‍ തീരുമാനിച്ചു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. നിലവില്‍ അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്കും തൊട്ടടുത്ത സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
Content Highlight: Accident at Kozhikode Medical College: Government should bear the medical expenses of those admitted to private hospitals