കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍. കുടുംബത്തിന്റെ ഒപ്പമുണ്ടാകുമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച മന്ത്രി ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കി.
കുടുംബത്തിനുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മന്ത്രി കലക്ടറെ ഏല്‍പ്പിച്ചു. മന്ത്രിസഭ കൂടിയാലോചനയ്ക്ക് ശേഷം കുടുംബത്തിനുള്ള സഹായങ്ങള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
പ്രധാനപ്പെട്ട നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചതെന്നും അതില്‍ പ്രധാനപ്പെട്ടത് ബിന്ദുവിന്റെ മകളുടെ ചികിത്സ ചെലവ് ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മകളുടെ സര്‍ജറിക്ക് ആവശ്യമായ സഹായങ്ങളും ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. മകന് താത്കാലിക ജോലി വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസില്‍ താത്കാലിക ജോലി ഉറപ്പ് വരുത്തുന്നതിനായി കലക്ടര്‍ ചെയര്‍മാനായും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സെക്രട്ടറിയായും ഉള്ള കമ്മിറ്റിയുണ്ടെന്നും അവര്‍ അതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ താത്കാലിക ജോലിയും പിന്നീട് സ്ഥിരപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തര ധനസഹായത്തിന് പുറമെയുള്ള ധനസഹായം 11ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കും.
അപകടം കൈകാര്യം ചെയ്യുന്നതില്‍ അനാസ്ഥയുണ്ടായെന്ന വാദത്തെ മന്ത്രി തള്ളി. 10: 59ന് ഫയര്‍ ഫോഴ്‌സ് ജെ.സി.ബിക്കാരെ വിവരങ്ങള്‍ അറിയിച്ചിരുന്നു. 11: 35ന് ജെ.സി.ബി സംഭവസ്ഥലത്തെത്തി.
എന്നാല്‍ ജെ.സി.ബി സ്ഥലത്തെത്തിയപ്പോള്‍ വലിയ തിരക്ക് ഉണ്ടായിരുന്നെന്നും കെട്ടിടം ഇടിച്ച് പൊളിച്ചിരുന്നെങ്കില്‍ രോഗികള്‍ക്ക് അപകടം പറ്റിയേനെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ അത്യാഹിത വിഭാഗത്തിലെ ഇരുമ്പ് കമ്പികള്‍ അറുത്ത് മുറിച്ചാണ് ജെ.സി.ബിയെ അകത്ത് കടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തം വൈകിയതല്ല ബിന്ദുവിന്റെ മരണകാരണമെന്നും മന്ത്രി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് പെട്ടെന്നുണ്ടായ മരണം ആണെന്നാണ്. അതിനര്‍ത്ഥം കെട്ടിടം തകര്‍ന്ന് വീണപ്പോള്‍ തലയോട്ടി പൊട്ടി അപകടം മരണം സംഭവിച്ചു എന്നാണ്. അല്ലാതെ ശ്വാസം മുട്ടിയല്ല മരണം സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി. കെ. ജയകുമാറിനെക്കുറിച്ചുള്ള ആരോപണങ്ങളും മന്ത്രി തള്ളിക്കളഞ്ഞു.
Content Highlight: Accident at Kottayam Medical College; Bindu’s daughter’s treatment will be free says minister