മലപ്പുറം: കൂരിയാട് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞ് വീണ് അപകടം. സംഭവത്തില്‍ രണ്ട് കാറുകൾക്ക് കേടുപാടുകളുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് (തിങ്കള്‍) മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
സര്‍വീസ് റോഡിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് ആറ് വരി പാതയുടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. സര്‍വീസ് റോഡില്‍ വലിയ തോതിലുള്ള വിള്ളലുകളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട്-തൃശൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്.
നിലവില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മമ്പാട് വഴി തിരിച്ചുവിട്ടിട്ടുണ്ട്. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് റോഡിൽ തുടരുന്ന ജനങ്ങളെ പൊലീസ് ഒഴിപ്പിക്കുകയാണ്.
ദേശീയപാത നിര്‍മാണത്തിന്റെ അശാസ്ത്രീയതയാണ് റോഡ് ഇടിയാന്‍ കാരണമായതെന്ന് ജനപ്രതിനിധികള്‍ പറയുന്നു.
കടലുണ്ടി പുഴയില്‍ നിന്ന് തള്ളുന്ന വെള്ളം സ്റ്റോര്‍ ചെയ്യപ്പെടുന്ന പാടങ്ങളും വയലുകളുമാണ് അപകടം നടന്ന റോഡിന്റെ ഇരുവശങ്ങളിലും ഉള്ളത്. എന്നാല്‍ അതിന്റെ മധ്യത്തിലായി ഉയരത്തില്‍ ദേശീയപാത നിര്‍മിച്ചത് വെള്ളം കെട്ടിനില്‍ക്കാനും അപകടത്തിനും കാരണമായെന്നാണ് ആരോപണം.
കഴിഞ്ഞ മഴക്കാലത്ത് നാട്ടുകാര്‍ ചേര്‍ന്ന് അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ ഭാഗ്യത്തിന് കുറച്ച് വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് റോഡിലുണ്ടായിരുന്നതെന്ന് നാട്ടുകാരും പ്രതികരിച്ചു.