വില്‍ സ്മിത്തിനോട് വിശദീകരണം തേടി അക്കാദമി; വേദി വിടാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിച്ചില്ല; ഓസ്‌കര്‍ തിരിച്ചെടുക്കാനോ വിലക്കാനോ സാധ്യത
Entertainment news
വില്‍ സ്മിത്തിനോട് വിശദീകരണം തേടി അക്കാദമി; വേദി വിടാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിച്ചില്ല; ഓസ്‌കര്‍ തിരിച്ചെടുക്കാനോ വിലക്കാനോ സാധ്യത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st March 2022, 2:20 pm

ലോസ് ഏഞ്ചലസ്: ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ നടന്‍ വില്‍ സ്മിത്തിനെതിരെ കടുത്ത അച്ചടക്ക നടപടിയുമായി അക്കാദമി. ഓസ്‌കാര്‍ വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിനാണ് വില്‍ സ്മിത്തിനോട് വിശദീകരണം തേടിയിരിക്കുന്നത്.

താരത്തെ വിലക്കാനോ അല്ലെങ്കില്‍ അക്കാദമി അവാര്‍ഡ് തിരിച്ചെടുക്കാനോ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ക്രിസ് റോക്കിന്റെ മുഖത്തടിച്ച നടപടിക്ക് ശേഷം വില്‍ സ്മിത്തിനോട് വേദി വിടാന്‍ അക്കാദമി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹം അനുസരിച്ചില്ലെന്നും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് വെളിപ്പെടുത്തിയിരുന്നു.

”അക്കാദമിയുടെ സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് കണ്ടക്ട് ലംഘിച്ചതിന് വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടി എടുക്കുന്നത് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ആരംഭിച്ചിട്ടുണ്ട്,” പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രില്‍ 18ന് ചേരാനിരിക്കുന്ന അക്കാദമി ബോര്‍ഡ് മീറ്റിങ്ങിലായിരിക്കും താരത്തിനെതിരായ നടപടി സംബന്ധിച്ച തീരുമാനമെടുക്കുക.

ഒരു തരത്തിലുള്ള അക്രമവും അനുവദിച്ച് കൊടുക്കില്ല, എന്നും നേരത്ത ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ അക്കാദമി പ്രതികരിച്ചിരുന്നു.

അതേസമയം വില്‍ സ്മിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കില്ലെന്ന് അവതാരകന്‍ ക്രിസ് റോക്ക് പറഞ്ഞിരുന്നു.

വില്‍ സ്മിത്തിന്റെ ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇതില്‍ പ്രകോപിതനായ വില്‍ സ്മിത് വേദിയിലെത്തി അവതാരകനോട് ക്ഷോഭിക്കുകയും മുഖത്ത് തല്ലുകയും ചെയ്യുകയായിരുന്നു.

എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കൂ, (keep my wife’s name out your fu**ing mouth) എന്നായിരുന്നു വേദിയിലെത്തിയ വില്‍ സ്മിത് ക്ഷോഭത്തോടെ ക്രിസ് റോക്കിനോട് പറഞ്ഞത്.

ജേഡ പിങ്കെറ്റ് സ്മിത്തിനെയും അവരുടെ തലമുടി ഷേവ് ചെയ്ത ലുക്കിനെയും കളിയാക്കുന്ന തരത്തില്‍ അവതാരകന്‍ സംസാരിച്ചതാണ് സ്മിത്തിനെ ചൊടിപ്പിച്ചത്.

അലൊപീഷ്യ എന്ന അസുഖത്തെത്തെുടര്‍ന്നാണ് താന്‍ മുടി ഷേവ് ചെയ്ത് കളഞ്ഞതെന്ന് നേരത്തെ ജേഡ പിങ്കെറ്റ് സ്മിത് പറഞ്ഞിരുന്നു. ജേഡയും ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ സന്നിഹിതയായിരുന്നു.

കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ പ്രകടനത്തിനാണ് വില്‍ സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചത്. താരത്തിന്റെ ആദ്യ ഓസ്‌കര്‍ നേട്ടമാണിത്.

Content Highlight: Academy take disciplinary action against Will Smith, may lose Best Actor Oscar or face ban