കണ്ണൂര്‍: പ്രമുഖ കവിയും എഴുത്തുകാരനുമായ എ.സി. ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ അര്‍ധരാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം നിലവില്‍ പയ്യന്നൂര്‍ പ്രിയദര്‍ശിനി ഹോസ്പിറ്റലിലാണ്. സംസ്‌കാരം നാളെ നടക്കും.

പയ്യന്നൂര്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവിയായിരുന്നു. ദീര്‍ഘകാലത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം കഴിഞ്ഞ മെയ് 30നാണ് അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചത്.

മലയാള കവിതാലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1999ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’, 2001ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കിയ ‘കവിതയുടെ നൂറ്റാണ്ട്’ എന്നീ പുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ കവിതകള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. സാഹിത്യ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് എന്‍.എന്‍. കക്കാട് അവാര്‍ഡ്, വി.ടി. കുമാരന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

പയ്യന്നൂര്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം.ഫിലും നേടി.

പയ്യന്നൂരിനടുത്ത് ആലപ്പടമ്പില്‍ 1969 നവംബര്‍ 24ന് ആയിരുന്നു ജനനം. എ.സി. ദാമോദരന്‍ നമ്പൂതിരിയും സാവിത്രി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. ഭാര്യ: സംഗീത കെ, മകന്‍: എ.സി. ശ്രീഹര്‍ഷന്‍.

 

Content Highlight: AC Sreehari passed away