ഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് ലയണല്‍ മെസി. ഡ്രിബ്ലിങ് കൊണ്ടും മൈതാനത്ത് കാണിക്കുന്ന മികവ് കൊണ്ടും ഏറെ ആരാധക പിന്തുണ നേടിയ താരം എതിരാളികളെ പലപ്പോഴും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. പല ഫുട്‌ബോളര്‍മാരും മെസിയെന്ന എതിരാളിയെ കളിക്കളത്തില്‍ നേരിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് ഒരിക്കല്‍ എ.സി മിലാന്റെ ഇറ്റാലിയന്‍ ലെജന്‍ഡ് അലസാന്‍ഡ്രോ കോസ്റ്റക്യൂര്‍ട്ട മെസിയെ നേരിട്ടപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു. മെസിയെ ആദ്യം കണ്ടപ്പോള്‍ ഇവനൊരു ചെറിയ പയ്യനാണല്ലോ എന്നാണ് താന്‍ കരുതിയതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കളി തുടങ്ങിയതോടെ തന്റെ മനോഭാവമെല്ലാം മാറിയെന്നും 15 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍, തന്നെ പിന്‍വലിക്കാന്‍ പരിശീലകന്‍ മാനേജര്‍ കാര്‍ലോ ആന്‍സലോട്ടിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16 വയസുകാരന്‍ മെസിയെ നേരിട്ട ഈ അനുഭവം കോസ്റ്റര്‍ക്യൂട്ട തുറന്ന് പറഞ്ഞത് 2020ല്‍ സ്‌കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ്.
‘മെസിക്ക് 16 വയസുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി അവനെ നേരിടുന്നത്. ഇവനൊരു ചെറിയ പയ്യനാണല്ലോ എന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്. എനിക്ക് വേണ്ടതൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും ഞാന്‍ കരുതി.
എന്നാല്‍, കളി തുടങ്ങി 15 മിനിട്ടുകള്‍ പിന്നിട്ടപ്പോഴേക്കും ഞാന്‍ പരിശീലകന്‍ ആന്‍സലോട്ടിയോട് എന്റെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു,’ കോസ്റ്റര്‍ക്യൂട്ട പറഞ്ഞു.
ലയണല്‍ മെസി. Photo: Givemesport/x.com
മെസിയെ കൂടാതെ അര്‍ജന്റൈന്‍ ഇതിഹാസം ഡിഗോ മറഡോണക്ക് എതിരെയും കളിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെന്നും കോസ്റ്റര്‍ക്യൂട്ട പറഞ്ഞു. എന്നാല്‍ മെസി മറഡോണയെക്കാള്‍ പുതുമയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മറഡോണക്കെതിരെയും മെസിക്കെതിരെയും കളിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് മറഡോണയെ 99 തവണ ഫൗള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ മെസിയുടെ കാര്യം വ്യത്യസ്തമാണ്.
പ്രതിഭയുടെ കാര്യത്തിലും കളിക്കളത്തില്‍ സ്വയം പ്രകടിപ്പിക്കുന്ന രീതിയിലും ഇരുവരും ഒരുപോലെയാണ്. എന്നാല്‍, മറഡോണയേക്കാള്‍ പുതുമയുള്ളവനാണ് മെസി,’ കോസ്റ്റര്‍ക്യൂട്ട കൂട്ടിച്ചേര്‍ത്തു.
Content Highlight: AC Milan legend Alessandro Costacurta about his experience when he faced Lionel Messi