എഡിറ്റര്‍
എഡിറ്റര്‍
അരുന്ധതി കാമ്പസിന്റെ സംസ്‌കാരത്തെ അശുദ്ധമാക്കുമെന്ന് എ.ബി.വി.പി; ഭീഷണി വക വെക്കാതെ അരുന്ധതിയെ സെമിനാറില്‍ പങ്കെടുപ്പിച്ച് എസ്.സി.ടിയിലെ പെണ്‍കുട്ടികള്‍
എഡിറ്റര്‍
Tuesday 29th August 2017 10:52pm

 


പാപ്പനംകോട്: സംഘ പരിവാര്‍ സംഘടനകളുടെ ഭീഷണിയെ വക വെക്കാതെ കോളെജില്‍ പരിപാടി സംഘടിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് അഭിവാദ്യങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷകയുമായ അരൂന്ധതി

ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ് കോളേജിലെ പെണ്‍സംഘാടകരുടെ നിശ്ചയദാര്‍ഢ്യത്തിനെയാണ് തന്റെ ഫേസ്ബുക്കിലൂടെ അരുന്ധതി അഭിനന്ദിച്ചത്. കോളെജിലെ സ്റ്റുഡന്റ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറിനെതിരെയായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. സെമിനാറില്‍ അരുന്ധതിയെ അതിഥിയായി വിളിച്ചതാണ് സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയെ ചൊടിപ്പിച്ചത്.

അരുന്ധതിയുടെ സാന്നിധ്യം കാമ്പസിന്റെ സംസ്‌കാരത്തെ അശുദ്ധമാക്കുമെന്നായിരുന്നു എ.ബി.വി.പിക്കാരുടെ പ്രചരണം. ഇതിനെ തുടര്‍ന്ന് അതിഥികളുടെ ലിസ്റ്റടക്കം എല്ലാ വിവരങ്ങളും നല്‍കി സംഘടിപ്പിക്കുന്ന സെമിനാറിന് നേരത്തെ നല്‍കിയ അനുവാദം പ്രിന്‍സിപ്പല്‍ പിന്‍വലിച്ചു.


Also read ‘നിന്റെ ഓരോതുള്ളി കണ്ണുനീരും ഞങ്ങളുടെ ഹൃദയത്തെ ഓരോ നിമിഷവും പൊള്ളിക്കുന്നു’; കാശ്മീര്‍ പൊലീസ് സേനയുടെ നൊമ്പരമായി തീവ്രവാദികള്‍ കൊന്ന പോലീസുകാരന്റെ മകള്‍


അദ്ദേഹത്തിന് ആര്‍.എസ്.എസ് ഭീഷണിയുണ്ടെന്നും. വേണമെങ്കില്‍ അരുന്ധതിയെ ഒഴിവാക്കി പരിപാടി നടത്തിക്കോളാനും പ്രിന്‍സിപ്പാള്‍ പറഞ്ഞു.തുടര്‍ന്ന് ഈ കാര്യം സംഘാടകരായ പെണ്‍കുട്ടികള്‍ അരൂന്ധതിയെ അറിയിക്കുകയും ‘എന്തൊക്കെ സംഭവിച്ചാലും അരുന്ധതി ചേച്ചി 26ന് കോളേജിലുണ്ടാകണം. ഇത് ഞങ്ങളുടെ അഭിമാന പ്രശ്‌നമാണ്. തടയാന്‍ ശ്രമിച്ചാല്‍ ഔദ്യോഗികമായി പരാതിയുമായി മുന്നോട്ട്‌പോകാന്‍ ചേച്ചിക്ക് ബുദ്ധിമുട്ടില്ലല്ലോ? എന്നു ചോദിക്കുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെയും യുവജന കമ്മീഷനെയും സമീപിച്ചു. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോം ഇടപെടുകയും പ്രിന്‍സിപ്പലിന് അനുമതി നല്‍കേണ്ടി വരികയും ചെയ്തു. എ.ബി.വി.പിക്കാര്‍ പരിപാടി മുടക്കാതിരിക്കാന്‍ പൊലീസ് സംരക്ഷണവും ഏര്‍പ്പാടക്കി.

താന്‍ കാംപസിലെത്തിയപ്പോഴാണറിഞ്ഞത്, പൂര്‍ണമായും പെണ്‍കുട്ടികളാണ് സെമിനാര്‍ സംഘടിപ്പിച്ചതെന്ന്. ഇത്രയേറെ പ്രതിബന്ധങ്ങളുണ്ടായിട്ടും ഭയക്കാതെ, സഹായത്തിന് ആങ്ങളമാരെ കൂട്ടാതെ, സംഘടിച്ചുനിന്ന് പ്രതിരോധിച്ച്, പരിപാടി വിജയിപ്പിച്ചെടുത്ത പെണ്‍കരുത്തിന് മുന്‍പില്‍ ബഹുമാനത്തോടെ തലകുനിച്ചു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനെ സല്യൂട്ട് ചെയ്‌തെന്നും അരുന്ധതി പറഞ്ഞു.
അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ് കോളേജില്‍ സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചത് Shilpa യാണ്. സാധാരണ കോളേജ് യൂണിയന്‍ പരിപാടികള്‍ക്കൊക്കെ വിളിക്കാറ് ആണ്‍കുട്ടികളാണ്. അതുകൊണ്ടാവാം, ഒരു പെണ്‍ സംഘാടകയുടെ ക്ഷണത്തോട് പ്രത്യേക ഇഷ്ടം തോന്നിയതും സന്തോഷത്തോടെ യെസ് പറഞ്ഞതും. പരിപാടിക്ക് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഒരു ഫോണ്‍ കോള്‍. ഇത്തവണ സംസാരിച്ചത് മേഘ്‌നയാണ്. അരുന്ധതിയുടെ സാന്നിധ്യം കാമ്പസിന്റെ സംസ്‌കാരത്തെ അശുദ്ധമാക്കുമെന്ന് എ.ബി.വി.പി ക്കാര്‍ വിലപിക്കുകയാണത്രേ. (ഒരു സാമ്പിള്‍ ഫേസ്ബുക് പോസ്റ്റ് അയച്ചുതന്നു. സര്‍ക്കാര്‍ കോളേജില്‍ പ്രൊഫഷണല്‍ ബിരുദം നേടുന്ന ആണ്‍കുട്ടികളുടെ സാമൂഹിക വിദ്യാഭ്യാസ നിലവാരം കണ്ട് വല്ലാത്ത നിരാശ തോന്നി). അതിഥികളുടെ ലിസ്റ്റടക്കം എല്ലാ വിവരങ്ങളും നല്‍കി സംഘടിപ്പിക്കുന്ന സെമിനാറിന് നേരത്തെ നല്‍കിയ അനുവാദം പിന്‍വലിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍. കാരണം തിരക്കിയപ്പൊ അദ്ദേഹത്തിന് ആര്‍.എസ്.എസ് ഭീഷണിയുണ്ടത്രേ. ഔദാര്യമായി, അരുന്ധതിയെ ഒഴിവാക്കി പരിപാടി നടത്തിക്കോളൂ എന്ന ഓഫറും. ഇത്രയും കേട്ടപ്പൊ ഞാന്‍ കരുതിയത് അവിടേക്ക് ചെല്ലേണ്ടതില്ലെന്ന് പറയാനാണ് മേഘ്‌ന വിളിച്ചതെന്നാണ്. എനിക്ക് തെറ്റി. ”എന്തൊക്കെ സംഭവിച്ചാലും അരുന്ധതി ചേച്ചി 26ന് കോളേജിലുണ്ടാകണം. ഇത് ഞങ്ങളുടെ അഭിമാന പ്രശ്‌നമാണ്. തടയാന്‍ ശ്രമിച്ചാല്‍ ഔദ്യോഗികമായി പരാതിയുമായി മുന്നോട്ട്‌പോകാന്‍ ചേച്ചിക്ക് ബുദ്ധിമുട്ടില്ലല്ലോ?’ എന്നാണ് ആ പെണ്‍കുട്ടി ചോദിച്ചത്!
പിന്നീടങ്ങോട്ട് എല്ലാം നോക്കിയത് സംഘാടക സമിതിയിലെ പത്തിലധികം വരുന്ന പെണ്‍കുട്ടികളാണ്. അവര്‍ വനിതാ കമ്മീഷനെയും യുവജന കമ്മീഷനെയും സമീപിച്ചു. സഖാവ് ചിന്താ ജെറോം ഇടപെട്ടു. പ്രിന്‍സിപ്പലിന് അനുമതി നല്‍കേണ്ടി വന്നു.
ഏതെങ്കിലും വിധത്തില്‍ പരിപാടി മുടക്കാന്‍ എ.ബി.വി.പി യെ അനുവദിക്കാതിരിക്കാന്‍ പൊലീസ് സംരക്ഷണവും ഉണ്ടായിരുന്നു!
കാംപസിലെത്തിയപ്പോഴാണറിഞ്ഞത്, പൂര്‍ണമായും പെണ്‍കുട്ടികളാലാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടതെന്ന്. ഇത്രയേറെ പ്രതിബന്ധങ്ങളുണ്ടായിട്ടും ഭയക്കാതെ, സഹായത്തിന് ആങ്ങളമാരെ കൂട്ടാതെ, സംഘടിച്ചുനിന്ന് പ്രതിരോധിച്ച്, പരിപാടി വിജയിപ്പിച്ചെടുത്ത പെണ്‍കരുത്തിന് മുന്‍പില്‍ ബഹുമാനത്തോടെ തലകുനിച്ചു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനെ സല്യൂട്ട് ചെയ്തു.
കേരളത്തിലെ പെണ്‍കുട്ടികള്‍ നിശ്ശബ്ദ വിപ്‌ളവപ്രവര്‍ത്തനത്തിലാണ്. വ്യവസ്ഥയുടെ ചങ്ങലകള്‍ക്ക് തളയ്ക്കാനാവാത്ത കരുത്തോടെയാണ് അവര്‍ ചുവടുകള്‍ വയ്ക്കുന്നത്. ആത്മവിശ്വാസവും കൃത്യമായ രാഷ്ട്രീയ നിലപാടുകളുമുള്ള ഒരു കൂട്ടം പെണ്‍കുട്ടികളെ പരിചയപ്പെടാനും അവരില്‍നിന്ന് പഠിക്കാനും അവസരം നല്‍കിയ ശില്പയ്ക്കും കൂട്ടുകാര്‍ക്കും നന്ദി, വിപ്‌ളവാഭിവാദ്യങ്ങള്‍!

Advertisement