തൊടുപുഴ ബാലപീഡനം: ഇളയ കുട്ടി ഇനി മുത്തച്ഛനോടൊപ്പം താമസിക്കും
national news
തൊടുപുഴ ബാലപീഡനം: ഇളയ കുട്ടി ഇനി മുത്തച്ഛനോടൊപ്പം താമസിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 11:33 pm

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ കൂട്ടുകാരന്റെ മര്‍ദനത്തിനിരയായി മരിച്ച ഏഴുവയസുകാരന്റെ ഇളയ സഹോദരന്റെ സംരക്ഷണം കുട്ടിയുടെ പിതാവിന്റെ അച്ഛന്. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഇന്നലെ നടന്ന ഹിയറിംഗിലാണ് തീരുമാനം. ഒരു മാസത്തേക്കാണ് താല്‍ക്കാലികമായി സംരക്ഷണം തിരുവനന്തപുരം സ്വദേശിയായ മുത്തച്ഛന്നല്‍കിയിരിക്കുന്നത്.

ഏഴുവയസുകാരനെ മാതാവിന്റെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദ് ക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതിനെ തുടര്‍ന്നു നാലുവയസുകാരനായ ഇളയകുട്ടിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മുത്തച്ഛന്‍ നേരത്തെ തന്നെ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ നടന്ന ഹിയറിംഗില്‍ കുട്ടിയുടെ സംരക്ഷണം മാതാവിന്റെ അമ്മയില്‍ നിന്നു കുട്ടിയുടെ പിതാവിന്റെ അച്ഛനു വിട്ടുനല്‍കാന്‍ കമ്മിറ്റി നിര്‍ദേശിച്ചത്.

ഇതുവരെ ഇളയകുട്ടി മാതാവിന്റെ അമ്മയുടെ സംരക്ഷണയിലായിരുന്നു. ഇന്നലെ നടന്ന ഹിയറിംഗില്‍ കുട്ടിയുടെ പിതാവിന്റെ അച്ഛനും അമ്മയും പിതാവിന്റെ സഹോദരിയും എത്തിയിരുന്നു. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ തിരുവനന്തപുരം എസ്.പിക്കും കുട്ടിയുടെ സംരക്ഷണം സംബന്ധിച്ചുള്ള മേല്‍നോട്ടം തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും നല്‍കിയിട്ടുണ്ട്.