കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ റേപ്പ് ജോക്കിന് കയ്യടിച്ച് പ്രോത്സാഹനം നല്‍കുന്ന യുവാക്കളുടെ വീഡിയോക്കെതിരെ രൂക്ഷവിമര്‍ശനം.
വസ്ത്രധാരണം, ശരീരപ്രകൃതി തുടങ്ങിയ കാരണങ്ങളാലാണ് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതെന്ന് തമാശരൂപേണ അവതരിപ്പിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

പെണ്‍കുട്ടിയുടെ അവതരണം ‘വിക്ടിം ബ്ലെയിമിങ്’ന് തുല്യമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ആക്രമിക്കപ്പെട്ട സ്ത്രീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് മാത്രം തിരഞ്ഞുപിടിക്കുന്ന സമൂഹത്തിന്റെ മുമ്പിലേക്കാണ് ഇത്തരത്തിലൊരു വീഡിയോ എത്തിയിരിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
റേപ്പ് ജോക്ക് എന്നത് വെറും തമാശ മാത്രമല്ലെന്നും സ്ത്രീകള്‍ക്ക് തന്നെ അത് മനസിലാക്കാന്‍ കഴിയുന്നില്ലെന്നുമാണ് നിരവധി ഇന്‍സ്റ്റഗ്രാം യൂസേഴ്‌സ് പ്രതികരിച്ചത്.
