കൊല്‍ക്കത്ത: പത്മശ്രീ അവാര്‍ഡ് ജേതാവും ബി.ജെ.പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുമായ സന്ന്യാസി കാര്‍ത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കേസ്. പശ്ചിമ ബംഗാളില്‍ 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്.
ഭാരത് സേവാശ്രമം സംഘത്തിലെ സന്ന്യാസിയാണ് കാര്‍ത്തിക് മഹാരാജ്. മുര്‍ഷിദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സേവാശ്രമത്തിന്റെ ആശ്രമത്തിന് സമീപത്തുള്ള സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് കാര്‍ത്തിക് മഹാരാജ് തന്നെ കൂട്ടികൊണ്ടുപോയെന്നാണ് യുവതിയുടെ പരാതി.
പ്രതി യുവതിക്കായി ആശ്രമത്തില്‍ താമസ സൗകര്യവും തയ്യാറാക്കിയിരുന്നു. എന്നാല്‍ 2013 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടെ 12 തവണ പ്രതി തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതി പറയുന്നത്. ഒരു രാത്രിയിലാണ് ആദ്യമായി ആക്രമിക്കപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു.
നിലവില്‍ കാര്‍ത്തിക് മഹാരാജിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം യുവതിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് പ്രതി രംഗത്തെത്തുകയും ചെയ്തു. കാലം എല്ലാം തെളിയിക്കുമെന്നും ഈ ആരോപണങ്ങള്‍ തന്റെ സല്‍പ്പേരും പ്രശസ്തിയും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കാര്‍ത്തിക് മഹാരാജ് പ്രതികരിച്ചത്.
ഇതിനിടെ ഇത്രയും വര്‍ഷം ഭയം കൊണ്ടാണ് മൗനം പാലിച്ചതെന്നും സന്ന്യാസിക്കെതിരെ പരാതിപ്പെടാതിരുന്നതെന്നും യുവതി പറഞ്ഞു. പരാതിപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.
കൂടാതെ പീഡനത്തെ തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായെന്നും ബെഹ്രാംപൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയായെന്നും യുവതി പറയുന്നു. പ്രതി ജോലി വാഗ്ദാനം ചെയ്തിരുന്ന സ്‌കൂളിലെ പ്രധാന അധ്യാപിക സുഭദ്ര മൊണ്ടലും മറ്റൊരു സഹപ്രവര്‍ത്തകനും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.