ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും
Kerala
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും
രാഗേന്ദു. പി.ആര്‍
Friday, 16th January 2026, 9:12 pm

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. മുതിര്‍ന്ന അഭിഭാഷകനായ ബി.ജി. ഹരീന്ദ്രനാഥിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതില്‍ അതിജീവിത പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നു.

സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചതായും ഒരു തവണ കോട്ടയം എസ്.പി മുഖേനയാണ് ആവശ്യപ്പെട്ടതെന്നും സിസ്റ്റര്‍ റാനിറ്റ് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി സർക്കാർ ആവശ്യം തള്ളുകയായിരുന്നു. ആദ്യമായി തന്റെ പേരും മുഖവും വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അതിജീവിതയുടെ തുറന്നുപറച്ചില്‍. ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും സിസ്റ്റര്‍ റാനിറ്റ് പറഞ്ഞിരുന്നു.

‘ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സഭ ഞങ്ങളുടെ ചെലവ് നോക്കുന്നില്ല. ഞങ്ങള്‍ ആറ് പേര്‍ ചേര്‍ന്ന് തയ്യല്‍ നടത്തുന്നുണ്ട്. എന്നാല്‍ സഭാധികാരികള്‍ അതിനെ ബിസിനസ് നടത്തുകയാണെന്നാണ് പറയുന്നത്. ഇതില്‍ മൂന്ന് പേര്‍ സഭ വിട്ടുപോകുകയും ചെയ്തു,’ സിസ്റ്റര്‍ റാനിറ്റിന്റെ വാക്കുകള്‍.

ഇതിനുപിന്നാലെ സിസ്റ്റര്‍ റാനിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിച്ചിരുന്നു. ജില്ലാ സപ്ലൈ ഓഫീസര്‍ മഠത്തിലെത്തി കാര്‍ഡുകള്‍ കൈമാറുകയായിരുന്നു.

2022 ജനുവരി 14ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ഈ അപ്പീല്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലാകുകയും വിചാരണ നേരിടുകയും ചെയ്ത രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍.

Content Highlight: Abuse case against Franco Mulakkal; Special prosecutor to be appointed

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.