ഞങ്ങള്‍ ഉടനെ കാണും: അബുദാബി കിരീടാവകാശിയെക്കുറിച്ച് നെതന്യാഹു
World News
ഞങ്ങള്‍ ഉടനെ കാണും: അബുദാബി കിരീടാവകാശിയെക്കുറിച്ച് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th October 2020, 5:37 pm

ദുബായ്: അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങളിരുവരും ഫോണില്‍കൂടി സംസാരിച്ചിട്ടുണ്ടെന്നും മേഖലയിലെ സമാധാനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും നെതന്യാഹു ട്വീറ്റ് ചെയ്തു.

ഇസ്രഈല്‍-യു.എ.ഇ നയതന്ത്ര ബന്ധത്തിന് ഇസ്രഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

സെപ്റ്റംബര്‍ 15 നാണ് ഇസ്രഈല്‍-യു.എ.ഇ കരാര്‍ വാഷിംഗ്ടണില്‍ വെച്ച് ഒപ്പു വെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലാണ് വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇയും ബഹ്റൈനും ഇസ്രഈലുമായി ചേര്‍ന്ന് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉടമ്പടിയില്‍ ഒപ്പുവെക്കുകയായിരുന്നു.

നേരത്തെ തന്നെ ഇസ്രഈലുമായുള്ള സമാധാന ഉടമ്പടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫലസ്തീന്‍ രംഗത്തെത്തിയിരുന്നു.

കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രഈലിന്റെ പാത പിന്തുടരുമെന്നും ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞിരുന്നു. സമാധാന ഉടമ്പടിയില്‍ ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Abu Dhabi crown prince says he and Netanyahu discussed boosting UAE-Israeli ties