അഴിമതി ആരോപണകേസില്‍ കോടതിയില്‍ ഹാജരായില്ല; ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്‌ലാമാബാദ് പൊലീസ്
World News
അഴിമതി ആരോപണകേസില്‍ കോടതിയില്‍ ഹാജരായില്ല; ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്‌ലാമാബാദ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2023, 3:38 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി ഇസ്‌ലാമാബാദ് പൊലീസ്. അഴിമതി ആരോപണക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാത്തതിനാലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ മറിച്ചുവിറ്റെന്ന അഴിമതി ആരോപണം ഇമ്രാന്‍ ഖാനെതിരെ ഉണ്ടായിരുന്നു.

എന്നാല്‍ ഈ കേസില്‍ പലതവണ കോടതി സമന്‍സ് അയച്ചിട്ടും ഇമ്രാന്‍ ഖാന്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് ഇസ്‌ലാമാബാദിലെ സെഷന്‍സ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ഈ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌ലാമാബാദ് പൊലീസ് ഞായറാഴ്ച ഉച്ചയ്ക്ക് ലാഹോര്‍ പൊലീസിന്റെ സഹായത്തോടെ സമന്‍ പാര്‍ക്കിലെ ഇമ്രാന്‍ ഖാന്റെ വസതിയിലെത്തിയത്.

അറസ്റ്റ് വിവരം അറിഞ്ഞതോടെ പി.ടി.ഐ പ്രവര്‍ത്തകര്‍ വസതിക്ക് മുന്നില്‍ സംഘടിച്ചു. വസതിക്ക് മുന്നിലുള്ള റോഡുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്.

പി.ടി.ഐ നേതാവ് ഫവാസ് ചൗധരി എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും വസതിക്ക് മുന്നിലെത്തിച്ചേരണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്താല്‍ രാജ്യ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം പൊലീസ് സംഘം വസതിക്ക് ഉള്ളില്‍ കയറി ഇമ്രാന്‍ ഖാനുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിച്ചില്ല.

നിലവില്‍ വസതിക്ക് മുന്നില്‍ ബാരിക്കോഡുകള്‍ വെച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

content highlight: Absent from court in corruption case; Islamabad Police ready to arrest Imran Khan