'ലവ് ഈസ് നോട്ട് ഫിസിക്കൽ'; സർവ്വം മായ വെറുതെ പറഞ്ഞു പോകുന്ന ചില കാര്യങ്ങൾ; എന്നാൽ ഓർത്തിരിക്കേണ്ട യാഥാർത്ഥ്യങ്ങൾ
Malayalam Cinema
'ലവ് ഈസ് നോട്ട് ഫിസിക്കൽ'; സർവ്വം മായ വെറുതെ പറഞ്ഞു പോകുന്ന ചില കാര്യങ്ങൾ; എന്നാൽ ഓർത്തിരിക്കേണ്ട യാഥാർത്ഥ്യങ്ങൾ
നന്ദന എം.സി
Wednesday, 4th February 2026, 7:52 am

നിവിൻ പോളി നായകനായി എത്തി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ സജീവ ചർച്ചയാണ്. തിയേറ്റർ റിലീസിന് ശേഷവും ഒ.ടി.ടി റിലീസിനുശേഷവും സിനിമയും അതിലെ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു.

ഒരു ഹൊറർ–കോമഡി എന്ന ലേബലിൽ എത്തുന്ന സിനിമയായിട്ടും, സർവ്വം മായ പ്രേക്ഷകർക്ക് നൽകുന്നത് വെറുമൊരു വിനോദം മാത്രമല്ല. സംവിധായകൻ തുറന്നു പറയാത്തതും, സിനിമ വെറുതെ പറഞ്ഞുപോകുന്നതുമായ ചില രംഗങ്ങളും ഡയലോഗുകളും മനുഷ്യജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്നവയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അത്തരം രംഗംങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു.

സർവ്വം മായ, Photo: YouTube/ Screengrab

ചിത്രത്തിലെ ശ്രദ്ധേയമായ ഒരു സീനിൽ വല്യച്ഛനായി എത്തുന്ന ജനാർദൻ, പ്രഭേന്ദുവിനോട് പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധേയമാണ്
‘നമ്മളെ നമ്മൾ അങ്ങോട്ട് നന്നായി സ്നേഹിച്ചാൽ പോരെ… അതിന് എന്തിനാ വേറെ ഒരാൾ?’

സിനിമയുടെ ഒഴുക്കിനിടയിൽ കടന്നുപോകുന്ന ഈ ഡയലോഗ് ആത്മസ്നേഹത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ശക്തമായ സന്ദേശമാണ്. മറ്റാരുടെയും സ്നേഹത്തിന്റെയോ ആശ്രയത്തിന്റെയോ ആവശ്യമില്ലാതെ, ഒരാൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയുമെന്ന ആശയമാണ് ഈ സംഭാഷണം മുന്നോട്ട് വയ്ക്കുന്നത്.

സർവ്വം മായ, Photo: YouTube/ Screengrab

അതുപോലെ തന്നെ ഓട്ടോക്കാരൻ രജനികാന്ത് കയ്യിൽ ചെടിയുടെ കൊമ്പുമായി ഓടി വരുന്ന രംഗവും, ഒരു ചെറിയ ഡയലോഗിലൂടെ വലിയ അർഥം പറയുന്നു. ‘ചെടിക്ക് ഇടക്ക് വെട്ടുന്നത് ഒരു സുഖമാ… നമ്മൾ മുടി വെട്ടുന്ന സുഖം പോലെ’. ഇത് വെറും തമാശയായി തോന്നുമെങ്കിലും, ജീവിതത്തിൽ ഇടയ്ക്കിടെ നമ്മൾ മനസിൽ അടിഞ്ഞുകൂടുന്ന ഭാരങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മനുഷ്യരായാലും സസ്യങ്ങളായാലും, എല്ലാത്തിനും ഇടയ്ക്ക് അവയുടെ ഭാരം ഇറക്കി വെക്കേണ്ട ആവശ്യമുണ്ടെന്ന സന്ദേശം ഈ രംഗം ലളിതമായി പറയുന്നു.

കൂടാതെ ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഡയലോഗുകളിൽ ഒന്നാണ് ‘ലവ് ഈസ് നോട്ട് ഫിസിക്കൽ…’പഴകിയതായി തോന്നുന്ന ഈ വാചകം സർവ്വം മായയിൽ പുതിയൊരു അനുഭവമായി മാറുന്നു. ഒരു ആത്മാവായ മായയ്ക്ക് പ്രഭയോട് തോന്നുന്ന സ്നേഹവും, ‘ഒന്ന് തൊടാൻ പോലും കഴിയാത്ത നിന്നെ എങ്ങനെ ഇഷ്ടപ്പെടും’ എന്ന പ്രഭയുടെ ചോദ്യം മുന്നിൽ വെച്ച് മായ പറയുന്ന ഈ ഡയലോഗും, സ്നേഹത്തെ ഫിസിക്കലി മാത്രം ഒതുക്കുന്ന കാഴ്ചപ്പാടുകൾക്ക് ശക്തമായ മറുപടിയാണ്.

സർവ്വം മായ, Photo: YouTube/ Screengrab

അതേസമയം മായയുടെ മരണത്തേക്കാൾ കൂടുതൽ പ്രേക്ഷകരെ ഞെട്ടിച്ചത്, ആ അപകട രംഗമാണ്. വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ നമ്മൾ ലാഘവത്തോടെ കാണുന്ന ഒരു കാര്യത്തിന് പോലും എത്ര വലിയ അപകട സാധ്യതയുണ്ടെന്ന് ആ ഒരു നിമിഷം ശക്തമായി ഓർമിപ്പിക്കുന്നു. പ്രേതമല്ല, പ്രേതത്തേക്കാൾ പ്രേക്ഷകരെ പേടിപ്പിച്ചത് ആ രംഗമാണ്.

ഇത്തരം നിരവധി ചെറിയ രംഗങ്ങളിലൂടെ, ഒരു ഹൊറർ–കോമഡി ക്യൂട്ട് സിനിമയായി തുടങ്ങിയ ‘സർവ്വം മായ’, പ്രേക്ഷകർക്ക് ജീവിതത്തെക്കുറിച്ചുള്ള വലിയ സന്ദേശങ്ങൾ നൽകുന്ന ഒരു സിനിമയായി മാറുന്നു. വെറുതെ കണ്ടുപോകാൻ മാത്രമല്ല, ചിന്തിക്കാനും പഠിക്കാനും ഓർക്കാനും ഉള്ള ഒരു അനുഭവം തന്നെയാണ് അഖിൽ സത്യന്റെ ‘സർവ്വം മായ’.

Content Highlight: About some of the dialogues that the audience noticed in the movie Sarvam Maya

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.