മലയാള സിനിമയിലെ സ്ഥിരം അതിഥി തൊഴിലാളി; പക്ഷെ ജീവിതത്തില്‍ സന്തോഷ് ലക്ഷ്മണ്‍ നല്ല അസ്സല്‍ മലയാളിയാണ്
Entertainment news
മലയാള സിനിമയിലെ സ്ഥിരം അതിഥി തൊഴിലാളി; പക്ഷെ ജീവിതത്തില്‍ സന്തോഷ് ലക്ഷ്മണ്‍ നല്ല അസ്സല്‍ മലയാളിയാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th June 2022, 11:54 am

സന്തോഷ് ലക്ഷ്മണ്‍. ഒരുപക്ഷെ ഈ പേര് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ആളെ മനസിലാകണം എന്നില്ല. പക്ഷെ നിരവധി സിനിമകളില്‍ ഇദ്ദേഹത്തിന്റെ മുഖം കണ്ട് മലയാളികള്‍ക്ക് നല്ല പരിചയം ഉണ്ടാകും. അഥിതി തൊഴിലാളിയായി ഒട്ടുമിക്ക മലയാള സിനിമകളിലും കുറച്ച് വര്‍ഷങ്ങളായി കണ്ട് വരുന്ന മുഖമാണ് സന്തോഷിന്റേത്.

കഴിഞ്ഞ ദിവസം റിലീസായ സുരാജ് വെഞ്ഞാറമൂട് ചിത്രം ഹെവനിലും സന്തോഷ് ഒരു വേഷം ചെയ്തിട്ടുണ്ട്. ബല്‍വന്തര്‍ എന്ന അഥിതി തൊഴിലാളിയായിട്ടാണ് ഹെവനിലും അദ്ദേഹം വേഷമിട്ടിരിക്കുന്നത്.

വര്‍ഷങ്ങളായി സിനിമകളില്‍ കാണുന്ന ഇദ്ദേഹം ഒരു നടന്‍ മാത്രമല്ല സിനിമ സംവിധായകനായും, തിരക്കഥകൃത്തായും, അസിസ്റ്റന്റ് ഡയറക്ടറായുമൊക്കെ സിനിമയുടെ പിന്നണിയില്‍ സന്തോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപക് പറമ്പോള്‍ കേന്ദ്രകഥാപാത്രമായി എത്തി നീ സ്ട്രീം ഒ.ടി.ടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്ത ദി ലാസ്റ്റ് ടു ഡെയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷാണ്. ചിത്രത്തിന്റെ തിരക്കഥയിലും സന്തോഷ് പങ്കാളിയായിട്ടുണ്ട്.

ആന്‍മരിയ കലിപ്പിലാണ്, അഞ്ചാം പാതിര, ഒരു വടക്കന്‍ സെല്‍ഫി, ഞാന്‍ പ്രകാശന്‍ തുടങ്ങി 13 ഓളം സിനിമകളില്‍ അഥിതി തൊഴിലാളിയുടെ വേഷം ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തോട് ‘അഡീഷണല്‍ ബാറ്ററി ഉണ്ടോ’ എന്ന് ചോദിക്കുന്നത് സന്തോഷാണ്. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വടക്കന്‍ സെല്‍ഫിയില്‍ ജോലി ചെയ്യവേ യാഥാര്‍ച്ഛികമായിട്ടാണ് ഈ വേഷം സന്തോഷിനെ തേടി എത്തിയത്.

മേജര്‍ രവിയുടെ അസിസ്റ്റന്റ് ഡയറക്ടറായി കര്‍മ്മയോദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമ ജീവിതം തുടങ്ങുന്നത്. അതിന് ശേഷം പൃഥ്വിരാജ് ചിത്രം പിക്കറ്റ് 43, ആസിഫ് അലി ചിത്രം കോഹിനൂര്‍, പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്.

നിഖില വിമല്‍ മാത്യു തോമസ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജോ & ജോയിലും ഇദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം നീലവെളിച്ചത്തിലും അണിയറയില്‍ സന്തോഷ് ലക്ഷ്മണുണ്ട്. സംവിധായകന്‍ ജീത്തു ജോസഫ് ആദ്യമായി അഭിനയിച്ച ഒറ്റമൂലി എന്ന ഷോര്‍ട്ട് ഫിലിമും സന്തോഷ് ലക്ഷ്മണ്‍ എഴുതി സംവിധാനം ചെയ്തതാണ്.

Content Highlight : About Actor, director, and script writter Santhosh Laxman who done numerous  migrant worker character in malayalam movies