ഹോളോകോസ്റ്റിലേക്ക് കൊണ്ടുപോകുന്നതാണ് ആർ.എസ്.എസിന്റെ ഐഡിയോളജി; ആ സൈഡ് സീറ്റിലിരിക്കേണ്ട സാഹചര്യം കേരളത്തിനില്ല: അബിൻ വർക്കി
Kerala
ഹോളോകോസ്റ്റിലേക്ക് കൊണ്ടുപോകുന്നതാണ് ആർ.എസ്.എസിന്റെ ഐഡിയോളജി; ആ സൈഡ് സീറ്റിലിരിക്കേണ്ട സാഹചര്യം കേരളത്തിനില്ല: അബിൻ വർക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2025, 9:15 pm

തിരുവനന്തപുരം: ക്രിസ്ത്യാനികൾക്കും മുസ്‌ലിങ്ങൾക്കും ഇടയിൽ അനാവശ്യമായി നടക്കുന്ന അഭിപ്രായ ഭിന്നതയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രധാന പ്രശ്‌നമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. ഈ അഭിപ്രായ ഭിന്നത ആർ.എസ്.എസിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ചാനലുമായുള്ള അഭിമുഖത്തിലാണ് അബിൻ വർക്കിയുടെ പരാമർശം.

2015 മുതൽ ആർ.എസ്.എസ് ക്രൈസ്തവ ഗ്രൂപ്പുകൾക്കിടയിൽ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിന് അറിഞ്ഞോ അറിയാതെയോ കുറെ ക്രൈസ്തവ പുരോഹിതർമാർ വശംവദരായെന്നും അബിൻ വർക്കി പറഞ്ഞു.

സംസ്ഥാനത്തെ ക്രിസ്ത്യാനികൾക്കും മുസ്‌ലിങ്ങൾക്കും ഇടയിലുള്ള ഭിന്നതയെ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്തിയും അദ്ദേഹം സംസാരിച്ചു.

‘ഹോളോകോസ്റ്റെന്ന വലിയ കൂട്ടകുരുതിയിലേക്ക് പോകുന്ന നേരത്ത് ബസിന്റെ സൈഡ് സീറ്റിന് വേണ്ടി തല്ലുണ്ടാക്കിയ കഥയുണ്ട്. ഇവരെ കൊല്ലാണ് കൊണ്ടുപോയത്. അപ്പോഴും കൊല്ലാൻ കൊണ്ടുപോകുന്ന ബസിന്റെ സൈഡ് സീറ്റിനായാണ് അടിയുണ്ടാക്കിയത്. ഇതുപോലെയാണ് ക്രിസ്ത്യാനിയും മുസ്‌ലിമും അടിയുണ്ടാക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

എന്നാൽ രണ്ടുപേരെയും ചേർത്ത് ഹോളോകോസ്റ്റിലേക്ക് കൊണ്ടുപോകുന്നതാണ് ആർ.എസ്.എസിന്റെ രാഷ്ട്രീയ ഐഡിയോളജി. ഇത്തരം രാഷ്ട്രീയ ഐഡിയോളജിയുമായി മുന്നോട്ട് പോകുന്ന ആർ. എസ്. സിന്റെ സൈഡ് സീറ്റിൽ ഇരിക്കേണ്ട ഒരു സാഹചര്യം കേരളത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശിരോവസ്ത്രത്തിന്റെയോ ഹിജാബിന്റെയോ ഏതു കാര്യത്തിലായാലും ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങളുണ്ടെന്നും ഈ അവകാശങ്ങൾ എല്ലാവരും അംഗീകരിക്കണമെന്നും അബിൻ പറഞ്ഞു.

‘നമ്മൾ ഈ നാട്ടിൽ സെക്കുലറിസം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ന്യൂനപക്ഷത്തിന്റെ ഇടയിലുണ്ടാവുന്ന ഭിന്നതകൾ ഒരിക്കലും നല്ല ഔട്ട് കം തരില്ല. സെക്കുലറിസമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത് നടത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight:  Abin Varkey said that currently happening in Kerala is the  differences of opinion between Christians and Muslims