ലൊക്കേഷനിലെ പിറന്നാളാഘോഷം; മമ്മൂക്ക ചോദിച്ചത് ശരിക്കും നിന്റെ പിറന്നാള്‍ ഇന്നാണോ എന്നായിരുന്നു: അബിന്‍ ബിനോ
Entertainment news
ലൊക്കേഷനിലെ പിറന്നാളാഘോഷം; മമ്മൂക്ക ചോദിച്ചത് ശരിക്കും നിന്റെ പിറന്നാള്‍ ഇന്നാണോ എന്നായിരുന്നു: അബിന്‍ ബിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 6:29 pm

രോമാഞ്ചത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് അബിന്‍ ബിനോ. അബിന്‍ രോമാഞ്ചം സിനിമക്ക് പുറമെ പുലിമടയിലും സാറാസിലും അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതുതായി മമ്മൂട്ടി ചിത്രങ്ങളായ ടര്‍ബോയിലും ബസൂക്കയിലും അബിന്‍ ബിനോ അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ മമ്മൂട്ടിയുടെ കൂടെ താന്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അബിന്‍. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ബസൂക്കയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയോടൊപ്പം എന്റെ ബെര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ സാധിച്ചു. മുമ്പ് രോമാഞ്ചത്തിന്റെ സെറ്റില്‍ ഷൂട്ടിങ്ങ് സമയത്ത് അഞ്ചു പേരുടെ ബെര്‍ത്ത് ഡേ ഉണ്ടായിരുന്നു.

അപ്പോള്‍ ഏതെങ്കിലും ഒരു സെറ്റില്‍ വെച്ച് എന്റെ ബെര്‍ത്ത് ഡേയുടെ കേക്ക് മുറിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.

സിനിമയിലെ ഒരു ഷോട്ടിന് മുന്‍പ് ചെറിയ ബ്രേക്ക് വന്നപ്പോള്‍ ഇടക്ക് അവര് വന്ന് ഞങ്ങളോട് കോസ്റ്റ്യൂമിട്ടുവരാന്‍ പറഞ്ഞു. അടുത്ത ഷോട്ടായെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങള്‍ കോസ്റ്റ്യൂമിട്ടിട്ട് ചെന്നു.

അപ്പോള്‍ ഞങ്ങളുടെ മുന്നില്‍ ഒരു ടേബിള്‍ കൊണ്ടിട്ടു. ജോര്‍ജേട്ടന്‍ ഇങ്ങോട്ട് വന്നേടാ എന്ന് പറഞ്ഞ് എന്നെയും കൊണ്ട് മമ്മൂക്കയുടെ അടുത്തേക്ക് പോയി. മമ്മൂക്ക ആ സമയത്ത് ലാപ്പില്‍ എന്തോ ചെയ്യുകയാണ്.

മമ്മൂക്കയോട് എന്റെ ബെര്‍ത്ത് ഡേയാണെന്ന് പറഞ്ഞു. മമ്മൂക്ക പെട്ടെന്ന് എന്റെ നേരെ തലയുയര്‍ത്തി ആണോടായെന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് മറുപടി പറഞ്ഞു.

ശരിക്കും നിന്റെ ബെര്‍ത്ത് ഡേ ഇന്നാണോ എന്നാണ് പിന്നെ മമ്മൂക്ക ചോദിച്ചത്. അതേയെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വാ കേക്ക് മുറിക്കാമെന്ന് പറഞ്ഞു. അതോടെ എന്റെ കിളി പോയി.

അന്ന് കൈ വിറച്ചിട്ട് കേക്ക് മുറിക്കാന്‍ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ ഞാന്‍ ഒന്ന് റിക്കവറിയായി വരാന്‍ കുറച്ച് സമയമെടുത്തു. ആകെ മരവിച്ച ഒരു അവസ്ഥയായിരുന്നു,’ അബിന്‍ ബിനോ പറഞ്ഞു.

Content Highlight: Abin Bino Talks About His Birthday Celebration With Mammootty In Bazooka Location