ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി – 20യില്‍ ആതിഥേയര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ മെന്‍ ഇന്‍ ബ്ലൂ പരമ്പര സ്വന്തമാക്കി.
മത്സരത്തില്‍ ഇന്ത്യക്കായി അഭിഷേക് ശര്‍മ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. താരം 20 പന്തില്‍ പുറത്താവാതെ 68 റണ്‍സെടുത്തു. അഞ്ച് സിക്സറുകളും ഏഴ് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. 340.00 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് താരം മത്സരത്തില്‍ ഇന്ത്യക്കാരുടെ വേഗമേറിയ രണ്ടാമത്തെ ടി – 20 അര്‍ധ സെഞ്ച്വറി കുറിച്ചിരുന്നു.
അഭിഷേക് ശര്‍മ. Photo: BCCI/x.com
കിവീസിനെതിരെ 14 പന്തുകള്‍ നേരിട്ടാണ് അഭിഷേക് തന്റെ അര്‍ധ സെഞ്ച്വറി നേടിയത്. പവര്‍പ്ലേയിലെ അവസാന പന്തില്‍ സിക്‌സടിച്ചായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ 50 മാര്‍ക്ക് പിന്നിട്ടത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി.
ഇന്ത്യയ്ക്കായി ടി – 20 പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളില്‍ ഒന്നാമതെത്താനാണ് അഭിഷേകിന് സാധിച്ചത്. താരം കുട്ടി ക്രിക്കറ്റില്‍ മൂന്ന് തവണയാണ് പവര്‍ പ്ലേയില്‍ തന്നെ 50 കടന്നത്. മുന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് ഈ നേട്ടം.
ഇന്ത്യയ്ക്കായി ടി – 20 പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍, എണ്ണം
അഭിഷേക് ശര്‍മ – 3
രോഹിത് ശര്‍മ – 2
ഇഷാന്‍ കിഷന്‍ – 1
യശസ്വി ജെയ്സ്വാള്‍ – 1
കെ.എല്‍ രാഹുല്‍ – 1
അതേസമയം, മത്സരത്തില്‍ സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. താരം 26 പന്തില്‍ 57 റണ്‍സാണ് എടുത്തത്. ഇവര്‍ക്കൊപ്പം 13 പന്തില്‍ 28 റണ്‍സുമായി ഇഷാന്‍ കിഷനും സംഭാവന ചെയ്തു.
സൂര്യകുമാർ യാദവ്. Photo: BCCI/x.com
കിവീസിനായി മാറ്റ് ഹെന്റിയും ഇഷ് സോഥിയും ഓരോ വിക്കറ്റുകള്‍ നേടി.