ഒറ്റ സിക്‌സില്‍ പിറന്നത് ഇന്ത്യന്‍ ചരിത്രം; ത്രീ ലയണ്‍സിനെതിരെ കിടിലന്‍ നേട്ടവുമായി അഭിഷേക് ശര്‍മ
Cricket
ഒറ്റ സിക്‌സില്‍ പിറന്നത് ഇന്ത്യന്‍ ചരിത്രം; ത്രീ ലയണ്‍സിനെതിരെ കിടിലന്‍ നേട്ടവുമായി അഭിഷേക് ശര്‍മ
ശ്രീരാഗ് പാറക്കല്‍
Wednesday, 8th July 2026, 11:55 am

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ത്രീ ലയന്‍സ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഔട്ട് ആവുകയായിരുന്നു.

മത്സരത്തില്‍ സഞ്ജു സാംസണിന് പകരം ഇലവനില്‍ ഇടം നേടിയ ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. വൈഭവ് അഞ്ച് പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 13 റണ്‍സ് നേടിയപ്പോള്‍ കിഷന്‍ ഒമ്പത് പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് 13 റണ്‍സ് നേടിയത്. അഭിഷേക് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ 10 റണ്‍സ് വീതവും നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ (3) എന്നിവര്‍ക്കും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

അഭിഷേക് ശര്‍മ ഏഴ് പന്തില്‍ നിന്ന് ഒരു സിക്‌സ് ഉള്‍പ്പെടെയാണ് 10 റണ്‍സ് നേടിയത്. ഇതിന് പിന്നാലെ ഒരു കിടിലന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് താരം ഒന്നാമനായത്.അഭിഷേക് ശർമ. Photo: BCCI/x.com

ഇംഗ്ലണ്ടിനെതിരായ ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം

അഭിഷേക് ശര്‍മ – 28*

ഹര്‍ദിക് പാണ്ഡ്യ – 27

വിരാട് കോഹ്‌ലി – 19

രോഹിത് ശര്‍മ – 18

സൂര്യകുമാര്‍ യാദവ് – 18

ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഫില്‍ സാള്‍ട്ടാണ്. 44 പന്തില്‍ 77 റണ്‍സാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ 36 റണ്‍സും സാം കറന്‍ 41* റണ്‍സും നേടി ത്രീ ലയണ്‍സിനെ 200 കടത്തി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

തോല്‍വി വഴങ്ങിയതോടെ ഒരു ചരിത്ര നാണക്കേടും ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേരിടേണ്ടി വന്നിരിക്കുകയാണ്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

Content Highlight: Abhishek Sharma Surpass Hardik Pandya In Great Record Achievement Against England

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ