ഒരു മത്സരം കളിച്ച സഞ്ജുവും മൂന്ന് മത്സരം കളിച്ച അഭിഷേകും നേരിട്ടത് എട്ട് പന്ത്; ലോകകപ്പില്‍ കാര്യങ്ങളിങ്ങനെ...
Cricket
ഒരു മത്സരം കളിച്ച സഞ്ജുവും മൂന്ന് മത്സരം കളിച്ച അഭിഷേകും നേരിട്ടത് എട്ട് പന്ത്; ലോകകപ്പില്‍ കാര്യങ്ങളിങ്ങനെ...
ശ്രീരാഗ് പാറക്കല്‍
Thursday, 19th February 2026, 4:54 pm

2026 ടി-20 ലോകകപ്പില്‍ അപരാജിതമായ കുതിപ്പാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. ഒരു വശത്ത് ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോമാണ് ടീമില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

ലോകകപ്പില്‍ ഓപ്പണറായി ഇറങ്ങിയ താരം നിലവില്‍ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിലും അഭിഷേക് ഡക്കായാണ് കൂടാരം കയറിയത്. നിര്‍ണായക ടൂര്‍ണമെന്റില്‍ സംപൂജ്യനായി മടങ്ങുന്ന അഭിഷേകിവന്റെ മോശം പ്രകടനത്തില്‍ ആരാധകരും ഏറെ നിരാശയിലാണ്. നിലവില്‍ ടൂര്‍ണമെന്റില്‍ ഏട്ട് പന്തുകള്‍ നേരിട്ട അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റും ആവറേജുമെല്ലാം ശൂന്യമാണ്.

അഭിഷേക് ശര്‍മ

ഈ സാഹചര്യത്തിലാണ് മലയാളി ഓപ്പണര്‍ സഞ്ജു സാംസണ്‍ വ്യത്യസ്തനാകുന്നത്. ടൂര്‍ണമെന്റില്‍ നമീബിയക്കെതിരായ മത്സരത്തില്‍ അഭിഷേകിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സഞ്ജുവാണ് ഇഷാന്‍ കിഷനൊപ്പം കളത്തിലിറങ്ങിയത്. മത്സരത്തില്‍ എട്ട് പന്തുകള്‍ നേരിട്ട് 22 റണ്‍സും സഞ്ജുവിന് നേടാന്‍ സാധിച്ചിരുന്നു.

മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയായിരുന്നു താരം മികച്ച പ്രകടനം നടത്തിയത്. 275 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയിലും സഞ്ജുവിനെ പിന്തുണച്ച് നിരവധിപേരാണ് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിതീകരിക്കാന്‍ സഞ്ജു അര്‍ഹാണെന്നാണ് പലരുടേയും നിരീക്ഷണം.

അഭിഷേക് ശര്‍മയും സഞ്ജു സാംസണും

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ്. ഫെബ്രുവരി 22ന് ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് നടക്കുക. മത്സരത്തില്‍ ഇന്ത്യ ഓപ്പണറായി ആരെ പരീക്ഷിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഫോം ഔട്ടായ അഭിഷേകിനെ മറികടന്ന് സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

സഞ്ജു ടി-20യില്‍ നേടിയ മൂന്ന് സെഞ്ച്വറിയില്‍ രണ്ടും സൗത്ത് ആഫ്രിക്കയോടായതിനാല്‍ സൂപ്പര്‍ 8ല്‍ കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ പ്രോട്ടിയാസിനെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നും പ്രതീക്ഷയുണ്ട്.

ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരെ നടന്ന അഞ്ച് ടി-20 പരമ്പരയില്‍ നിറം മങ്ങിയതിനെ തുടര്‍ന്നാണ് സഞ്ജുവിന് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോള്‍ കൈവിട്ട് പോയത്. ഏറെ കാലത്തിന് ശേഷം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് സഞ്ജു ലോകകപ്പ് പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ടി വന്നത്. എന്നാല്‍ ലഭിച്ച അവസരത്തില്‍ മികവ് പുലര്‍ത്തിയ സഞ്ജു തിരിച്ചുവരവിന്റെ വഴിയിലാണ്. ഇനി ഒരു അവസരം കൂടി ലഭിച്ചാല്‍ സഞ്ജു തിളങ്ങുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

Content Highlight: Abhishek Sharma scored zero runs in all three matches he played in the World Cup, will Sanju Samson get a chance now?

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ