ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ബ്രിസ്റ്റലില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.
നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ മികച്ച പ്രകടനം നടത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിന് കാരണം അഭിഷേകിനെ കാത്തിരിക്കുന്ന ഒരു കിടിലന്‍ റെക്കോഡാണ്.
മത്സരത്തില്‍ വെറും രണ്ട് സിക്‌സര്‍ നേടിയാല്‍ അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് അഭിഷേകിനെ കാത്തിരിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടി ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് അഭിഷേക്.
അഭിഷേക് ശർമ. Photo: BCCI/x.com
റെക്കോഡില്‍ നിലവില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ്. ഇംഗ്ലണ്ടിനെതിരെ ഇനി രണ്ട് സിക്‌സ് നേടിയാല്‍ അഭിഷേകിന് തിലക് വര്‍മയേയും സൂര്യകുമാര്‍ യാദവിനെയും രോഹിത് ശര്‍മയേയും ഒരുമിച്ച് വെട്ടാന്‍ സാധിക്കും.
അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
(താരം, എതിരാളി, സിക്‌സര്‍)
രോഹിത് ശര്‍മ – വെസ്റ്റ് ഇന്‍ഡീസ് – 39
രോഹിത് ശര്‍മ – ഓസ്‌ട്രേലിയ – 29
സൂര്യകുമാര്‍ യാദവ് – ന്യൂസിലാന്‍ഡ് – 29
തിലക് വര്‍മ – സൗത്ത് ആഫ്രിക്ക – 28
അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 28*
രോഹിത് ശര്‍മ – ബംഗ്ലാദേശ് – 22
അതേസമയം ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്.
സഞ്ജു സാംസണിന് പകരം ഇലവനില്‍ ഇടം നേടിയ ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. വൈഭവ് അഞ്ച് പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 13 റണ്‍സ് നേടിയപ്പോള്‍ കിഷന്‍ ഒമ്പത് പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് 13 റണ്‍സ് നേടിയത്. അഭിഷേക് ശര്‍മ 10 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
Content Highlight: Abhishek Sharma Need Two Sixes For Great Record Achievement In T-20 For India