വേട്ടയില്‍ ഒന്നാമന്‍; അഭിഷേകിന്റെ തേരോട്ടത്തില്‍ തകര്‍ന്നത് ലങ്കയുടെ നിസങ്ക
Sports News
വേട്ടയില്‍ ഒന്നാമന്‍; അഭിഷേകിന്റെ തേരോട്ടത്തില്‍ തകര്‍ന്നത് ലങ്കയുടെ നിസങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd September 2025, 10:37 pm

2025ലെ ഏഷ്യാ കപ്പില്‍ അപരാജിതമായ കുതിപ്പാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ഒരു മത്സരം പോലും പരാജയപ്പെടാതെ സൂപ്പര്‍ ഫോറിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ വിജയിച്ചാണ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കരുത്ത് തെളിയിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണറായ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. അമ്പരപ്പിക്കുന്ന അറ്റാക്കിങ് സ്റ്റൈലിലായിരുന്നു താരത്തിന്റെ ബാറ്റിങ്. 39 പന്തില്‍ നിന്ന് അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് അഭിഷേക് നേടിയത്. 189.74 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് അറ്റാക്ക്.

ഇതോടെ 2025 ഏഷ്യാ കപ്പില്‍ ഒരു മിന്നും നേട്ടത്തിലെത്താന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് നേടിയത്. നേരത്തെ ഈ റെക്കോഡില്‍ ഇടം നേടിയ ശ്രീലങ്കന്‍ താരം പാതും നിസങ്കയെ മറികടന്നാണ് അഭിഷേകിന്റെ തേരോട്ടം.

2025ലെ ഏഷ്യാ കപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

അഭിഷേക് ശര്‍മ (ഇന്ത്യ) – 173

പാതും നിസങ്ക (ശ്രീലങ്ക) – 146

സഹിബ്‌സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍) – 132

തൗഹിദ് ഹൃദോയ് (ബംഗ്ലാദേശ്) – 127

ടി-20യില്‍ ഇതുവരെ 21 മത്സരങ്ങളിലെ 20 ഇന്നിങ്‌സില്‍ നിന്ന് 708 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 135 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ നിന്ന് വെടിക്കെട്ട് വീരന്‍ സ്വന്തമാക്കി. മാത്രമല്ല 197.2 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ റണ്‍സ് വേട്ട. കൂടാതെ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് കുട്ടിക്രിക്കറ്റില്‍ ചെറിയ കാലയളവിനകം താരം നേടിയത്.

അതേസമയം ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നാളെ (ചൊവ്വ) ശ്രീലങ്ക പാകിസ്ഥാനെ നേരിടാനിരിക്കുകയാണ്. ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം പാകിസ്ഥാന് നിര്‍ണായകമാണ്.

Content Highlight: Abhishek Sharma In Gtreat Record Achievement In Asia Cup 2025