ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി – 20യില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാവും കാഴ്ചവെച്ചത്. പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്സറുകളും ഏഴ് ഫോറുമാണ് അഭിഷേകിന്റെ ഇന്നിങ്സില്‍ പിറന്നത്. 340.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ഓപ്പണര്‍ 14 പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
ഇതിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന രണ്ടാമത്തെ താരമാകാനാണ് അഭിഷേകിന് സാധിച്ചത് (മിനിമം 50 റണ്‍സ്). അഭിഷ്‌കിന്റെ മെന്ററും പരിശീലകനുമായ യുവരാജ് സിങ്ങാണ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമന്‍.
അഭിഷേകിനും സൂര്യയ്ക്കും പുറമെ ഇഷാന്‍ കിഷന്‍ 13 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഇള്‍പ്പെടെ 28 റണ്‍സ് നേടി പുറത്തായി. കിവീസിനായി മാറ്റ് ഹെന്റിയും ഇഷ് സോധിയും ഓരോ വിക്കറ്റുകള്‍ നേടി.
അതേസമയം കിവീസിന് വേണ്ടി 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. മാര്‍ക് ചാപ്മാന്‍ 32 റണ്‍സും നേടിയിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയിയും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഒപ്പം ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.
അതേസമയം ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും സാധിച്ചു. പരമ്പരയിലെ നാലാം മത്സരം ജനുവരി 28ന് ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി സ്‌റ്റേഡിയത്തില്‍ നടക്കും.
Content Highlight: Abhishek Sharma In Great Record Achievement In T20i Batting Strike Rate