വെടിക്കെട്ട് റെക്കോഡില്‍ അഭിഷേകിന്റെ പടയോട്ടം; ചെന്നൈയെ അടിച്ച് സൈഡാക്കിയവന്‍ തൂക്കിയത് ഒരൊന്നൊന്നര ഫിഫ്റ്റി!
Cricket
വെടിക്കെട്ട് റെക്കോഡില്‍ അഭിഷേകിന്റെ പടയോട്ടം; ചെന്നൈയെ അടിച്ച് സൈഡാക്കിയവന്‍ തൂക്കിയത് ഒരൊന്നൊന്നര ഫിഫ്റ്റി!
ശ്രീരാഗ് പാറക്കല്‍
Sunday, 19th April 2026, 7:45 am

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മിന്നും വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിനാണ് ഹൈദരാബാദ് ചെന്നൈയെ വീഴ്ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് അഭിഷേക് ശര്‍മയും ഹെന്റിക്ക് ക്ലാസനുമാണ്. 22 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് അഭിഷേക് തിളങ്ങിയത്. ഐ.പി.എല്ലില്‍ താരത്തിന്റെ 11ാം അര്‍ധ സെഞ്ച്വറിയാണ്. 268.18 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ചെന്നൈക്കെതിരെ ബാറ്റ് വീശിയത്.

ഇതിന് പുറമെ ഒരു കിടിലന്‍ റെക്കോഡില്‍ മുന്നേറാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തില്‍ സ്വന്തം റെക്കോഡ് തന്നെ തിരുത്തിയാണ് അഭിഷേകിന്റെ പടയോട്ടം. റെക്കോഡ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് കെയ്‌റോണ്‍ പൊള്ളാര്‍ഡാണ്.

ഐ.പി.എല്ലില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരം

അഭിഷേക് ശര്‍മ – 6

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 4

നിക്കോളാസ് പൂരന്‍ – 4

വൈഭവ് സൂര്യവംശി – 3

ജേക് ഫ്രേസര്‍ മഗുര്‍ഗ് – 3

ട്രാവിസ് ഹെഡ് – 3

അതേസമയം ക്ലാസന്‍ 39 പന്തില്‍ 59 റണ്‍സാണ് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുമാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ ചെന്നൈക്കായി അന്‍ഷുല്‍ കാംബോജ്, ഓവര്‍ട്ടണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകളും മുകേഷ് ചൗധരി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഗുര്‍ജപ്നീത് സിങ് ഒരു വിക്കറ്റും നേടി.

നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്‍ മലിംഗയാണ് ചെന്നൈയെ തകര്‍ത്തത്. നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റും ശിവാങ് കുമാര്‍, സാകിബ് ഹുസൈന്‍, പ്രഫുല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ചെന്നൈക്കായി മാത്യു ഷോര്‍ട്ട് 34 റണ്‍സും ആയുഷ് മാത്രേ 30 റണ്‍സും നേടി പൊരുതി. ശിവം ദുബൈ 21 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി തിളങ്ങാനായില്ല.

ഏപ്രില്‍ 21നാണ് ഹൈദരാബാദ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ഏപ്രില്‍ 23ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെയും നേരിടും.

Content Highlight: Abhishek Sharma In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ