ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഉദയസൂര്യന്മാരുടെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാന്‍ ഹൈദരാബാദിന് സാധിച്ചു.
അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് ഹൈദരാബാദ് ഉയര്‍ന്ന സ്‌കോറിലെത്തിയത്. നേരിട്ട 47ാം പന്തില്‍ സെഞ്ച്വറിയടിച്ചാണ് താരം മിന്നിത്തിളങ്ങിയത്. 68 പന്തില്‍ 10 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 135* റണ്‍സ് നേടി പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിത്. 198.53 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.
ഐ.പി.എല്ലില്‍ അഭിഷേകിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. എന്നാല്‍ ഇതിന് പുറമെ ഒരു വെടിക്കെട്ട് റെക്കോഡ് ലിസ്റ്റില്‍ കുതിക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഒന്നാമത്തെയും രണ്ടാമത്തെയും ഉയര്‍ന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്. സൂപ്പര്‍ താരങ്ങളായ കെ.എല്‍. രാഹുലിനെയും ശുഭ്മന്‍ ഗില്ലിനെയും ഒരുക്കല്‍കൂടി പിന്നിലാക്കിയാണ് അഭിഷേക് വീണ്ടും മുന്നേറിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം, റണ്‍സ്, എതിരാളി, വര്‍ഷം എവന്ന ക്രമത്തില്‍
അഭിഷേക് ശര്‍മ (ഹൈദരാബാദ്) – 141 – പഞ്ചാബ് – 2025
അഭിഷേക് ശര്‍മ (ഹൈദരാബാദ്) – 135* – ദല്‍ഹി – 2026
കെ.എല്‍. രാഹുല്‍ (പഞ്ചാബ്)- 132* – ബെംഗളൂരു – 2020
ശുഭ്മന്‍ ഗില്‍ (ഗുജറാത്ത്) – 129 – മുംബൈ – 2023
റിഷബ് പന്ത് (ദല്‍ഹി ഗെയര്‍ ഡെവിള്‍സ്) – 128* ഹൈദരാബാദ് – 2018
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് നിതീഷ് റാണയാണ്. ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 30 പന്തില്‍ 57 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. 23 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. സമീര്‍ റിസ്‌വി 28 പന്തില്‍ 41 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 16 പന്തില്‍ 26 റണ്‍സും നേടി. നാല് വിക്കറ്റ് നേടിയ ഹൈദരാബാദ് സൂപ്പര്‍ പേസര്‍ ഈഷന്‍ മലിംഗയുടെ പ്രകടനമാണ് ദല്‍ഹിയെ തകര്‍ക്കാന്‍ സഹായിച്ചത്.
Content Highlight: Abhishek Sharma In Great Record Achievement In IPL
