ഒന്നില്‍ കോഹ്‌ലിക്കൊപ്പം, മറ്റൊന്നില്‍ രോഹിതിനൊപ്പവും; ഇരട്ട സ്‌ട്രൈക്കുമായി അഭിഷേക്
Asia Cup
ഒന്നില്‍ കോഹ്‌ലിക്കൊപ്പം, മറ്റൊന്നില്‍ രോഹിതിനൊപ്പവും; ഇരട്ട സ്‌ട്രൈക്കുമായി അഭിഷേക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th September 2025, 9:37 am

ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. സൂപ്പര്‍ ഓവറിലേക്ക് മുന്നേറിയ മത്സരം ഇന്ത്യ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയും അതേ സ്‌കോറില്‍ എത്തിയതോടെ കളി സൂപ്പര്‍ ഓവറിലേക്ക് കടന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് രണ്ട് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പിന്നാലെ ബാറ്റിങ്ങിനെത്തിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അതോടെ ഫൈനലിലേക്ക് അപരാജിതരായി കുതിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തില്‍ ഓപ്പണറായ അഭിഷേക് ശര്‍മ പതിവ് പോലെ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. താരം 31 പന്തില്‍ 61 റണ്‍സാണ് നേടിയത്. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 196.77 സ്‌ട്രൈക്ക് റേറ്റിലാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ശ്രീലങ്കക്കെതിരെ കളിച്ചത്.

ഈ അര്‍ധ സെഞ്ച്വറി അഭിഷേകിന്റെ ഈ ഏഷ്യാ കപ്പിലെ മൂന്നാമത്തേതാണ്. നേരത്തെ, ഇന്ത്യയുടെ അവസാന രണ്ട് മത്സരങ്ങളിലും താരം 50+ സ്‌കോര്‍ നേടിയിരുന്നു. പാകിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയുമായിരുന്നു അഭിഷേകിന്റെ ഫിഫ്റ്റികള്‍. ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ഒരു ഏഷ്യാ കപ്പ് എഡിഷനില്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഇതിന് മുമ്പ് വിരാട് കോഹ്ലി മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. 2022 ഏഷ്യാ കപ്പിലാണ് കോഹ്ലി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടിച്ചത്.

കൂടാതെ മറ്റൊരു നേട്ടവും ഈ ഇന്നിങ്സോടെ അഭിഷേകിന് സ്വന്തമാക്കാനായി. ഒരു എലൈറ്റ് ലിസ്റ്റിലാണ് താരം ഇടം പിടിച്ചത്. പുരുഷ ടി – 20യില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി 30+ സ്‌കോറുകള്‍ നേടുന്നവരുടെ ലിസ്റ്റിലാണ് അഭിഷേക് തന്റെ പേര് ചേര്‍ത്തത്.

പുരുഷ ടി -20യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ 30+ സ്‌കോറുകള്‍

7* – അഭിഷേക് ശര്‍മ – 2025

7 – മുഹമ്മദ് റിസ്വാന്‍ – 2021

7 – രോഹിത് ശര്‍മ – 2021 /2022

മത്സരത്തില്‍ അഭിഷേകിന് പുറമെ, തിലക് വര്‍മയും സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. തിലക് 34 പന്തില്‍ 49 റണ്‍സെടുത്തപ്പോള്‍ സഞ്ജു 23 പന്തില്‍ 39 റണ്‍സ് നേടി.

 

Content Highlight: Abhishek Sharma hit 3 fifty in a single Asia Cup edition after Virat Kohli and joins Rohit Sharma in an elite list