സഞ്ജു ഒരിക്കല്‍ മാത്രം നേടിയ നേട്ടത്തില്‍ മൂന്നാം വട്ടവും; അഭിഷേകിന് സ്‌പെഷ്യല്‍ 'ഹാട്രിക്'
Cricket
സഞ്ജു ഒരിക്കല്‍ മാത്രം നേടിയ നേട്ടത്തില്‍ മൂന്നാം വട്ടവും; അഭിഷേകിന് സ്‌പെഷ്യല്‍ 'ഹാട്രിക്'
ഫസീഹ പി.സി.
Monday, 15th December 2025, 1:25 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി – 20 പരമ്പരയില്‍ ആതിഥേയര്‍ 2 – 1ന് മുന്നിലെത്തി. കഴിഞ്ഞ ദിവസം ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ജയിച്ചതോടെയാണ് ടീം പരമ്പരയില്‍ ലീഡ് നേടിയത്. ഏഴ് വിക്കറ്റിനായിരുന്നു സൂര്യയുടെയും കൂട്ടരുടെയും വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 117 റണ്‍സിന് പുറത്തായിരുന്നു. ഇത് പിന്തുടര്‍ന്ന ഇന്ത്യ 25 പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. യുവതാരം അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. താരം ഇന്ത്യന്‍ ഇന്നിങ്സ് തുടക്കമിട്ടതാകട്ടെ ആദ്യ പന്തില്‍ സിക്‌സടിച്ചുമാണ്.

അഭിഷേക് ശര്‍മ. Photo: BCCI/x.com

ഇതോടെ ടി – 20 ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സിക്‌സ് അടിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് അഭിഷേക് വീണ്ടും തന്റെ പേര് തുന്നിച്ചേര്‍ത്തത്. ഇത് ആദ്യമായല്ല ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇങ്ങനെ ആദ്യ പന്തില്‍ സിക്‌സ് അടിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ താരം ഇന്നിങ്‌സിലെ ആദ്യ പന്ത് ഗാലറിയില്‍ എത്തിച്ചിട്ടുണ്ട്.

അതിനാല്‍ തന്നെ കഴിഞ്ഞ ദിവസത്തെ ഫസ്റ്റ് ബോള്‍ സിക്‌സ് അഭിഷേകിനെ ഈ നേട്ടം മൂന്ന് തവണ ആവര്‍ത്തിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാക്കിയിരിക്കുകയാണ്. താരത്തിന് പുറമെ വെറും മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ഇങ്ങനെ സിക്‌സടിച്ചിട്ടുള്ളവര്‍.

സഞ്ജു സാംസണ്‍. Photo: BCCI/x.com

രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരാണ് ഈ ഫോര്‍മാറ്റില്‍ ആദ്യ പന്ത് സിക്‌സടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ ഇവരാരും ഇത് ഒരു തവണയില്‍ കൂടുതല്‍ ചെയ്തിട്ടില്ല എന്നതാണ് അഭിഷേകിന്റെ ‘ഹാട്രിക്കി’നെ വേറിട്ട് നിര്‍ത്തുന്നത്.

ഒരു ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സിക്‌സടിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – സിക്‌സറടിച്ച ബൗളര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇംഗ്ലണ്ട് – ആദില്‍ റഷീദ് – 2021

യശസ്വി ജെയ്സ്വാള്‍ – സിംബാബ്വെ – സിക്കന്ദര്‍ റാസ – 2024

സഞ്ജു സാംസണ്‍ – ഇംഗ്ലണ്ട് – ജോഫ്രാ ആര്‍ച്ചര്‍ – 2025

അഭിഷേക് ശര്‍മ – യു.എ.ഇ – ഹൈദര്‍ അലി – 2025

അഭിഷേക് ശര്‍മ – പാകിസ്ഥാന്‍ – ഷഹീന്‍ അഫ്രീദി – 2025

അഭിഷേക് ശര്‍മ – സൗത്ത് ആഫ്രിക്ക – ലുങ്കി എന്‍ഗിഡി – 2025

Content Highlight: Abhishek Sharma became first Indian to hit six in  first ball of a T20I innings for three times

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി