സൂപ്പര്‍ എട്ടിലെ 8ലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വമ്പന്‍ മത്സരമാണ് അരങ്ങേറുക. മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോമാണ് ഏറെ ആശങ്ക സൃഷ്ടിക്കുന്നത്. ടൂര്‍ണമെന്റില്‍ കളിച്ച മൂന്ന് മത്സരവും പൂജ്യം റണ്‍സിനാണ് താരം കൂടാരം കയറിയത്.
ഇതോടെ ഒരു നാണക്കേടിന്റെ ലിസ്റ്റിലും അഭിഷേക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാകുന്ന ഇന്ത്യന്‍ താരമാകുകയാണ് അഭിഷേക്. ഈ ലിസ്റ്റില്‍ മലയാളി താരം സഞ്ജു സാംസണൊപ്പമാണ് അഭിഷേക്.
മാത്രമല്ല ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡക്കാകുന്ന ഇന്ത്യന്‍ താരമെന്ന മോശം നേട്ടവും അഭിഷേകിന്റെ തലയില്‍ പതിച്ചിരുന്നു.
2024ല്‍ അഞ്ച് തവണയായിരുന്നു സഞ്ജു ടി-20യില്‍ ഡക്കായത്. എന്നാല്‍ 2026ന്റെ തുടക്കത്തില്‍ തന്നെ അഭിഷേക് അഞ്ച് ഡക്കില്‍ കുരുങ്ങിയത് എടുത്ത് പറയേണ്ടതാണ്. അതും കഴിഞ്ഞ ഏഴ് ഇന്നിങ്സില്‍ നിന്ന് അഭിഷേക് അഞ്ച് ഡക്ക് നേരിടേണ്ടി വന്നെന്ന് പറയുമ്പോള്‍ താരത്തിന്റെ ഫോമില്‍ ഏവരും ആശങ്കപ്പെടുകയാണ്.
അഭിഷേകിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് തിലക് വര്‍മയുടെ ഫോമാണ് ടി-20 ലോകകപ്പില്‍ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് 106 റണ്‍സ് മാത്രമാണ് തിലക് നേടിയത്. മൂന്നാം നമ്പറില്‍ മികച്ച പ്രകടനം നടത്തേണ്ട തിലക് ഇഴഞ്ഞാണ് റണ്‍സ് കണ്ടെത്തുന്നതെന്ന് വമര്‍ശനമുണ്ട്. ഇരുവരേയും മറികടന്ന് മലയാളി സൂപ്പര്‍ താരം സഞ്ജുവിന് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും പ്രതീക്ഷകളെല്ലാം മങ്ങുകയാണ്!
മത്സരത്തിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ സഞ്ജുവിനെ ഇറക്കില്ലെന്നും അഭിഷേകിനെ പിന്തുണയ്ക്കുമെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ വ്യക്തമാക്കിയിരുന്നു. വലിയ പ്രകടനങ്ങള്‍ നടത്താത്ത മൂന്നാം സ്ഥാനത്തുള്ള തിലക് വര്‍മയെയും ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കുമെന്നും സൂര്യ പറഞ്ഞിരുന്നു. ഇതോടെ സഞ്ജുവിന്റെ ടീമിലെ ഇടം വീണ്ടും തുലാസിലാകുകയാണ്.
Content Highlight: Abhishek Sharma enters Super 8s with a poor record, Sanju not included in the team