ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കൂറ്റന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിനാണ് ഹൈദരാബാദ് വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ഓറഞ്ച് ആര്‍മിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
സെഞ്ച്വറി നേടി തിളങ്ങിയ ഹൈദരാബാദ് താരം അഭിഷേക് ശര്‍മയാണ് കളിയിലെ താരം. നേരിട്ട 47ാം പന്തില്‍ സെഞ്ച്വറിയടിച്ചാണ് താരം മിന്നിത്തിളങ്ങിയത്. 68 പന്തില്‍ 10 ഫോറും 10 സിക്സും ഉള്‍പ്പെടെ 135* റണ്‍സ് നേടി പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിത്.198.53 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 130+ റണ്‍സ് നേടുന്ന താരമായും അഭിഷേക് മാറി. നാലാം തവണയാണ് അഭിഷേക് കുട്ടി ക്രിക്കറ്റില്‍ 130+ അടിച്ചെടുക്കുന്നത്. മൂന്ന് തവണ വീതം ഈ നേട്ടത്തിലെത്തിയ ഇതിഹാസങ്ങളായ ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച് എന്നിവരെ ഒരുമിച്ച് മറികടന്നാണ് അഭിഷേകിന്റെ കുതിപ്പ്.
2025 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ 141 റണ്‍സ് നേടി താരം തിളങ്ങിയിരുന്നു. ഇന്ത്യക്ക് വേണ്ടി അഭിഷേക് നേടിയ രണ്ടാം സെഞ്ച്വറിയും 130+ കടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ 137 റണ്‍സ് നേടിയാണ് അഭിഷേക് തിളങ്ങിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയാല്‍ പഞ്ചാബിനായും താരം 130+ റണ്‍സ് അടിച്ചെടുത്തു. 52 പന്തില്‍ 148 റണ്‍സാണ് ബംഗാളിനെതിരെ താരം സ്‌കോര്‍ ചെയ്തത്.
ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 130+ സ്‌കോര്‍ നേടിയ താരങ്ങള്‍
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് നിതീഷ് റാണയാണ്. ഏഴ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 30 പന്തില്‍ 57 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. 23 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. സമീര്‍ റിസ്വി 28 പന്തില്‍ 41 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്സ് 16 പന്തില്‍ 26 റണ്‍സും നേടി. നാല് വിക്കറ്റ് നേടിയ ഹൈദരാബാദ് സൂപ്പര്‍ പേസര്‍ ഈഷന്‍ മലിംഗയുടെ പ്രകടനമാണ് ദല്‍ഹിയെ തകര്‍ക്കാന്‍ സഹായിച്ചത്.
Content Highlight: Abhishek Sharma Create a historical record in t20 cricket