ആളിക്കത്തി അഭിഷേക്! ഓറഞ്ച് കൊടുങ്കാറ്റ് പറന്നിറങ്ങിയത് 2016ലെ ചാമ്പ്യൻ ക്യാപ്റ്റന്റെ ഇതിഹാസ ലിസ്റ്റിലേക്ക്
Cricket
ആളിക്കത്തി അഭിഷേക്! ഓറഞ്ച് കൊടുങ്കാറ്റ് പറന്നിറങ്ങിയത് 2016ലെ ചാമ്പ്യൻ ക്യാപ്റ്റന്റെ ഇതിഹാസ ലിസ്റ്റിലേക്ക്
Sudev A
Wednesday, 22nd April 2026, 6:05 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കൂറ്റന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഇഷാന്‍ കിഷനും സംഘവും സ്വന്തമാക്കിയത്.

ഓറഞ്ച് ആര്‍മിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിനാണ് ഹൈദരാബാദ് വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ഓറഞ്ച് ആര്‍മിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

സെഞ്ച്വറി നേടി തിളങ്ങിയ ഹൈദരാബാദ് താരം അഭിഷേക് ശര്‍മയാണ് കളിയിലെ താരം. നേരിട്ട 47ാം പന്തില്‍ സെഞ്ച്വറിയടിച്ചാണ് താരം കരുത്തുകാട്ടിയത്. 68 പന്തില്‍ 10 വീതം ഫോറുകളും സിക്‌സുകളും അടക്കം പുറത്താവാതെ 135 റണ്‍സ് നേടിയാണ് അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനം നടത്തിത്.198.53 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഈ സെഞ്ച്വറി പ്രകടനത്തിലൂടെ ഓറഞ്ച് ആര്‍മിക്കൊപ്പം ഒരു പുതിയ നാഴികക്കല്ലും അഭിഷേക് കൈപ്പിടിയിലാക്കി. ഐ.പി.എല്ലില്‍ ഹൈദരാബാദിന് വേണ്ടി 2000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം പുതിയ നേട്ടത്തിലേക്ക് നടന്നുകയറിയത്. ഹൈദരാബാദിന്റെ ചരിത്രത്തില്‍ 2000 റണ്‍സ് പിന്നിടുന്ന നാലാമത്തെ താരമാണ് അഭിഷേക്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് 2016 സീസണില്‍ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആണ്. 4014 റണ്‍സാണ് ഓറഞ്ച് ജേഴ്‌സിയില്‍ ഓസീസ് ഇതിഹാസം നേടിയത്.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ താരം, റണ്‍സ്

ഡേവിഡ് വാര്‍ണര്‍-4014

ശിഖര്‍ ധവാന്‍-2518

കെയ്ന്‍ വില്യംസണ്‍-2101

അഭിഷേക് ശര്‍മ-2076

ഹെന്റിക് ക്ലാസന്‍-1697

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് നിതീഷ് റാണയാണ്. ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 30 പന്തില്‍ 57 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. 23 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. സമീര്‍ റിസ്വി 28 പന്തില്‍ 41 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 16 പന്തില്‍ 26 റണ്‍സും നേടി. നാല് വിക്കറ്റ് നേടിയ ഹൈദരാബാദ് സൂപ്പര്‍ പേസര്‍ ഈഷന്‍ മലിംഗയുടെ പ്രകടനമാണ് ദല്‍ഹിയെ തകര്‍ക്കാന്‍ സഹായിച്ചത്.

ഹാട്രിക് വിജയത്തോടെ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഹൈദരാബാദിന് സാധിച്ചു. ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റാണ് ഹൈദരാബാദിന്റെ കൈവശമുള്ളത്. ഏപ്രില്‍ 25ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

Content Highlight: Abhishek Sharma completed 2000 runs for Sunrisers Hyderabad in ipl

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.