ചരിത്രത്തിലാദ്യം ട്രിപ്പിള്‍ സെഞ്ച്വറി; ആദ്യ ഏഷ്യാ കപ്പില്‍ തന്നെ ചരിത്രമെഴുതി അഭിഷേക്
Asia Cup
ചരിത്രത്തിലാദ്യം ട്രിപ്പിള്‍ സെഞ്ച്വറി; ആദ്യ ഏഷ്യാ കപ്പില്‍ തന്നെ ചരിത്രമെഴുതി അഭിഷേക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th September 2025, 10:54 pm

ഏഷ്യാ കപ്പില്‍ ചരിത്രം തിരുത്തിയെഴുതി ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ. ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിന്റെ ഒരു എഡിഷനില്‍ 300 റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് അഭിഷേക് ഈ ചരിത്ര നേട്ടത്തിലെത്തിയത്.

ആറ് മത്സരത്തില്‍ നിന്നും 51.5 ശരാശരിയില്‍ 309 റണ്‍സാണ് അഭിഷേകിന്റെ പേരിലുള്ളത്. പാകിസ്ഥാന്‍ സൂപ്പര്‍ താരം മുഹമ്മദ് റിസ്വാന്റെ 281 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ടി-20 ഫോര്‍മാറ്റ് ഏഷ്യാ കപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇന്ത്യ – 309*

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 281

വിരാട് കോഹ്‌ലി – ഇന്ത്യ – 276

ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 196

ടൂര്‍ണമെന്റില്‍ ഇനി ഒരു മത്സരം ബാക്കിയുണ്ടെന്നിരിക്കെ അഭിഷേക് റെക്കോഡില്‍ നിലമെച്ചപ്പെടുത്തും എന്നുറപ്പാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായി. മൂന്ന് പന്തില്‍ നാല് റണ്‍സുമായി നില്‍ക്കവെ മഹീഷ് തീക്ഷണയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റനെ ഒരറ്റത്ത് നിര്‍ത്തി അഭിഷേക് റണ്ണടിച്ചുകൂട്ടിക്കൊണ്ടേയിരുന്നു. ക്യാപ്റ്റനെ സാക്ഷിയാക്കി താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ സൂര്യകുമാറിന് തിളങ്ങാന്‍ സാധിച്ചില്ല. 13 പന്തില്‍ 12 റണ്‍സടിച്ചാണ് താരം മടങ്ങിയത്. നാലാം നമ്പറിലെത്തിയ തിലക് വര്‍മയ്‌ക്കൊപ്പം ചെറിയ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം അഭിഷേകും മടങ്ങി. 31 പന്തില്‍ 61 റണ്‍സടിച്ചാണ് അഭിഷേക് പുറത്തായത്. രണ്ട് സിക്‌സറും എട്ട് ഫോറുമടക്കം 196.77 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

പിന്നാലെയെത്തിയ സഞ്ജു സാംസണ്‍ തിലക് വര്‍മയെ ഒപ്പം കൂട്ടി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ 66 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.

ടീം സ്‌കോര്‍ 158ല്‍ നില്‍ക്കവെ സഞ്ജുവിനെ മടക്കി ദാസുന്‍ ഷണക ടീമിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 23 പന്തില്‍ 39 റണ്‍സടിച്ചാണ് സഞ്ജു പുറത്തായത്.

ഹര്‍ദിക് പാണ്ഡ്യ വന്നതുപോലെ മടങ്ങിയെങ്കിലും അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് തിലക് സ്‌കോര്‍ 200 കടത്തി.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഇന്ത്യ നേടിയത്. തിലക് വര്‍മ 34 പന്തില്‍ 49 റണ്‍സും അക്‌സര്‍ 15 പന്തില്‍ 21 റണ്‍സും നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ, ചരിത് അസലങ്ക, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, ദാസുന്‍ ഷണക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Content Highlight: Abhishek Sharma becomes the first batter to complete 300 runs in T20 Asia Cup