ഏഷ്യാ കപ്പില്‍ ഒരിക്കല്‍ കൂടി മികച്ച ബാറ്റിങ് കാഴ്ച വെച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ. കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മത്സരത്തില്‍ 31 പന്തുകള്‍ നേരിട്ട് 61 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് സിക്സും എട്ട് ഫോറുമാണ് ഓപ്പണറുടെ പന്തില്‍ നിന്ന് അതിര്‍ത്തി കടന്നത്. 196.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റേന്തിയത്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയതോടെ അഭിഷേക് ടി – 20 ഏഷ്യാ കപ്പില്‍ 300 റണ്‍സ് മാര്‍ക്ക് പിന്നിടുന്ന ആദ്യ താരമായിരുന്നു. നിലവില്‍ താരത്തിന് ഈ ടൂര്‍ണമെന്റില്‍ 309 റണ്‍സാണ് നേടിയത്. ഇടം കൈയ്യന്‍ ബാറ്റര്‍ ഇത്രയും റണ്‍സ് നേടിയത് ആറ് മത്സരങ്ങളില്‍ ബാറ്റിങ്ങിനെത്തിയാണ്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഒരു ടി – 20 ടൂര്‍ണമെന്റില്‍ 300ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്ലി മാത്രമാണ്.
2014 ടി – 20 ലോകകപ്പിലായിരുന്നു കോഹ്‌ലി തന്റെ റണ്‍സ് ട്രിപ്പിള്‍ സെഞ്ച്വറി കടത്തിയത്. താരം 319 റണ്‍സാണ് ആ ടൂര്‍ണമെന്റില്‍ നേടിയത്. ആറ് ഇന്നിങ്‌സില്‍ കളിച്ചായിരുന്നു താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ചാമ്പ്യന്‍ഷിപ്പില്‍ കോഹ്ലി നേടിയത് നാല് അര്‍ധ സെഞ്ച്വറികളായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യ ശ്രീലങ്കക്കെതിരെ ജയിച്ചിരുന്നു. സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയും അതേ റണ്‍സ് നേടി. അതോടെ സൂപ്പര്‍ ഓവറിലേക്ക് മത്സരം കടന്നു. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക നേടിയ രണ്ട് റണ്‍സ് ഇന്ത്യന്‍ സംഘം അനായാസം മറികടക്കുകയായിരുന്നു.
ബാറ്റിങ്ങില്‍ അഭിഷേകിനെ കൂടാതെ, തിലക് വര്‍മയും സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. തിലക് 34 പന്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 23 പന്തില്‍ 39 റണ്‍സും സ്‌കോര്‍ ചെയ്തു.