ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ വിമർശിക്കപ്പെടുകയും ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ഒരു താരമാണ് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ. ടീമിനെക്കാൾ ഉപരി സ്വന്തം സ്കോറിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും വളരെ പതുക്കെയാണ് ബാറ്റ് ചെയ്യുന്നതെന്നുമാണ് താരത്തിന് നേരെ ഉയർന്ന വിമർശനങ്ങൾ. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി വളരെ വ്യത്യസ്തമായ ഒരു രാഹുലിനെയാണ് ആരാധകർക്ക് കാണാനാവുന്നത്.
ബോർഡർ ഗവാസ്കർ ട്രോഫിയിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യൻ കുപ്പായത്തിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. പിന്നീട് ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ ദൽഹി ക്യാപിറ്റൽസിന് വേണ്ടിയും മിന്നും പ്രകടനം താരം നടത്തി. ഇപ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും വേറിട്ട ഒരു രാഹുലിനെയാണ് കാണാൻ സാധിക്കുന്നത്.
പ്രഥമ ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിൽ ഓപ്പണറായി ഇറങ്ങി രാഹുൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഒന്നാം ഇന്നിങ്സിൽ 42 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ താരം സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 247 പന്തുകൾ നേരിട്ട് 137 റൺസാണ് താരം രണ്ടാം ഇന്നിങ്സിൽ സ്കോർ ചെയ്തത്.
ഇപ്പോൾ രാഹുലിന്റെ മാറ്റത്തിൽ ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമയുടെ പങ്കിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകൻ അഭിഷേക് നായർ. രാഹുലിനെ കൂടുതൽ ആക്രമണാത്മക കളിക്കാരനാക്കാനും മികച്ച താരമാക്കി മാറ്റാനും താൻ അവനോടൊപ്പം പ്രവർത്തിക്കണമെന്ന് രോഹിത് ആഗ്രഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലടക്കം എല്ലാ ടൂർണമെന്റിലും ഇന്ത്യൻ ടീമിൽ രാഹുലിന് വലിയ പങ്കുണ്ടെന്ന് രോഹിത് വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയിൽ സംസാരിക്കുകയായിരുന്നു അഭിഷേക് നായർ.
‘ആദ്യം ഇന്ത്യയുടെ പരിശീലക സംഘത്തിലെത്തിയപ്പോൾ രോഹിത്തുമായി നടത്തിയ സംഭാഷണം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. രാഹുലിനെ കൂടുതൽ ആക്രമണാത്മക കളിക്കാരനാക്കി മാറ്റാൻ ഞാൻ അവനോടൊപ്പം പ്രവർത്തിക്കണമെന്ന് രോഹിത് ആവശ്യപ്പെട്ടു.
അവനെ മികച്ച താരമാക്കി മാറ്റാനും ഞാൻ പ്രവർത്തിക്കണമെന്ന് രോഹിത് ആഗ്രഹിച്ചു. ചാമ്പ്യൻസ് ട്രോഫി, ലോകകപ്പ്, ബോർഡർ ഗവാസ്കർ ട്രോഫി, ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര എന്നിവയിലെല്ലാം കെ.എൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് രോഹിത് വിശ്വസിച്ചിരുന്നു,’ അഭിഷേക് പറഞ്ഞു.
Content Highlight: Abhishek Nayar says that Rohit Sharma has great role in the transformation of KL Rahul