ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും സക്‌സസ്ഫുളായ ഇന്ത്യന്‍ ബാറ്ററാണ് അദ്ദേഹം: അഭിഷേക് നായര്‍
Cricket
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും സക്‌സസ്ഫുളായ ഇന്ത്യന്‍ ബാറ്ററാണ് അദ്ദേഹം: അഭിഷേക് നായര്‍
ശ്രീരാഗ് പാറക്കല്‍
Saturday, 6th June 2026, 8:42 pm

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സാണ് ഇന്ത്യ നേടിയത്.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി റിഷബ് പന്തുമാണ് ക്രീസിലുള്ളത്. 70 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് പന്ത് നേടിയത്. ഇതോടെ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അഭിഷേക് നായര്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും സക്‌സസ്ഫുളായ ഇന്ത്യന്‍ ബാറ്ററാണ് പന്തെന്ന് അഭിഷേക് നായര്‍ പറഞ്ഞു.

‘ഈ ഫോര്‍മാറ്റില്‍ ഏറ്റവും സക്‌സസ്ഫുളായ ഇന്ത്യന്‍ ബാറ്ററാണ് അദ്ദേഹം. സാഹചര്യത്തിനനുസരിച്ചാണ് അദ്ദേഹം കളിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കളിരീതി വ്യത്യസ്തമാണെങ്കിലും നിങ്ങള്‍ക്ക് മികച്ച ഫലങ്ങളാണ് അദ്ദേഹം നല്‍കുന്നത്.

പിച്ച് നല്ലതാണെന്ന് അദ്ദേഹത്തിന് അറിയാവുന്നതിനാല്‍ തീര്‍ച്ചയായും ക്രീസില്‍ സമയം ചെലവഴിക്കും. വെല്ലുവിളിക്കാനോ പുറത്താക്കാനോ കഴിയുന്ന ബൗളര്‍മാര്‍ അവരുടെ പക്കലില്ലെന്ന് അദ്ദേഹത്തിന് അറിയാം. പന്ത് ഒരു ആക്രമണാത്മക കളിക്കാരനാണ്, പക്ഷേ അദ്ദേഹത്തിന്റെ പ്രതിരോധവും മികച്ചതാണ്,’ മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് പറഞ്ഞു.

അതേസമയം 143 പന്തുകള്‍ നേരിട്ട് 103* റണ്‍സാണ് ഗില്‍ നേടിയത്. ഒരു സിക്‌സും 11 ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ആദ്യ ദിനം തന്നെ 32 പന്തില്‍ 24 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാള്‍, 104 പന്തില്‍ 81 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 165 പന്തില്‍ 100 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 11 ഫോര്‍ ഉള്‍പ്പെടെയാണ് ഓപ്പണറും ക്ലാസിക് ബാറ്ററുമായ രാഹുല്‍ സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറില്‍ തന്റെ 12ാം സെഞ്ച്വറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സയ്യൂര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും നേടി.

Content Highlight: Abhishek Nair Talking About Rishabh Pant

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ