സഞ്ജുവിന് ഒരു സാധ്യതയുമില്ല, വിശ്വസ്തര്‍ക്ക് ലാസ്റ്റ് ഡാന്‍സുമില്ല; 2027 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുത്ത് മുന്‍ താരം
Sports News
സഞ്ജുവിന് ഒരു സാധ്യതയുമില്ല, വിശ്വസ്തര്‍ക്ക് ലാസ്റ്റ് ഡാന്‍സുമില്ല; 2027 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുത്ത് മുന്‍ താരം
ആദർശ് എം.കെ.
Tuesday, 21st July 2026, 7:00 pm

സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡ് തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ്. ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കി 15 അംഗ സംഘത്തെയാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സ്‌ക്വാഡ് തെരഞ്ഞെടുത്തത്.

അഭിനവ് മുകുന്ദ്

യശസ്വി ജെയ്‌സ്വാളിനെ പകരം പരിചയസമ്പന്നനായ രോഹിത് ശര്‍മയെയാണ് അഭിനവ് മുകുന്ദ് ഓപ്പണറുടെ റോളിലേക്ക് പരിഗണിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് രണ്ടാം ഓപ്പണര്‍. മൂന്നാമനായി വിരാട് കോഹ്‌ലി കളത്തിലിറങ്ങും.

യശസ്വി ജെയ്‌സ്വാളിന് ഒരുപക്ഷേ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധ്യത ഉണ്ടായേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് സ്‌ക്വാഡിലെത്താന്‍ സാധ്യതയേതുമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

വിക്കറ്റ് കീപ്പര്‍മാരായി കെ.എല്‍. രാഹുലും ഇഷാന്‍ കിഷനുമാണ് ഈ സ്‌ക്വാഡിലുള്ളത്. ഇവര്‍ക്കൊപ്പം മിഡില്‍ ഓര്‍ഡറില്‍ കരുത്താകാന്‍ ശ്രേയസ് അയ്യരുമെത്തും.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും മുകുന്ദിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടമില്ല. ഓള്‍ റൗണ്ടര്‍മാരുടെ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിന്റെ ഭാഗമാകുന്നത്.

രവീന്ദ്ര ജഡേജ

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് മാത്രമാണുള്ളത് എന്നതും ശ്രദ്ധേയമാണ്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പേസ് അറ്റാക്കിനെ നയിക്കുമ്പോള്‍ സ്വിങ് കിങ് ഭുവനേശ്വര്‍ കുമാറിനും കഴിഞ്ഞ ലോകകപ്പിലെ വജ്രായുധം മുഹമ്മദ് ഷമിക്കും ലാസ്റ്റ് ഡാന്‍സിന് അവസരം നല്‍കിയിട്ടില്ല.

ജസ്പ്രീത് ബുംറ | ഭുവനേശ്വര്‍ കുമാർ

ബുംറയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ മുഹമ്മദ് സിറാജും സ്‌ക്വാഡിലുണ്ട്. കൂട്ടിന് യുവതാരങ്ങളായ ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെയും മുകുന്ദ് തെരഞ്ഞെടുക്കുന്നു.

ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് മുകുന്ദിന്റെ സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അഭിനവ് മുകുന്ദ് തെരഞ്ഞെടുത്ത ഇന്ത്യയുടെ 2027 ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍.

അടുത്ത വര്‍ഷം ഒക്ടോബര്‍ നാല് മുതല്‍ നംവബര്‍ 21 വരെയാണ് ലോകകപ്പ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ സ്വന്തം തട്ടകത്തില്‍ കയ്യകലത്ത് നഷ്ടപ്പെട്ട ലോകകപ്പാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.

 

Content Highlight: Abhinav Mukund picks Indian squad for 2027 ICC World Cup

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.