വംശഹത്യ നടത്തുന്ന ഇസ്രഈലിന്റെ ഭാഗത്ത് ന്യായം തിരയുന്നത് തന്നെ അശ്ലീലം; എസ്സെന്‍സ് വേദിയില്‍ അഭിലാഷ് മോഹന്‍
Kerala
വംശഹത്യ നടത്തുന്ന ഇസ്രഈലിന്റെ ഭാഗത്ത് ന്യായം തിരയുന്നത് തന്നെ അശ്ലീലം; എസ്സെന്‍സ് വേദിയില്‍ അഭിലാഷ് മോഹന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2025, 10:41 pm

കോഴിക്കോട്: വംശഹത്യ നടത്തുന്നവരുടെ ഭാഗത്തെ ന്യായം തിരയുന്നത് തന്നെ അശ്ലീലമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍. ഇസ്രഈല്‍ – ഫലസ്തീന്‍, നീതി ആരുടെ ഭാഗത്ത് എന്ന ചോദ്യത്തിന് തന്നെ ഒരു അനീതി ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത് എന്ന് അഭിലാഷ് പറയുന്നു.

‘ഹോളോകോസ്റ്റിന്‌ ശേഷം ലോകം കണ്ട ഏറ്റവും വലിയ വംശഹത്യക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. നിസഹായരായ മനുഷ്യരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊന്നുകളയുന്ന നരകീയമായ വംശഹത്യ നടത്തുന്ന ആളുകളുടെ ഭാഗത്ത് എങ്ങനെയാണ് നീതി ഉണ്ടാകുക,’ അഭിലാഷ് ചോദിക്കുന്നു

ആഗസ്റ്റ് 2ന് എസ്സെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ ടോമി സെബാസ്റ്റ്യനുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രഈല്‍, ഫലസ്തീന്‍; നീതി ആരുടെ ഭാഗത്ത് എന്നതായിരുന്നു സംവാദത്തിന്റെ വിഷയം

ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് കഴിഞ്ഞ 21 മാസം കൊണ്ട് 60000 മനുഷ്യരാണ് ഗസ എന്നുപറയുന്ന 365 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രം വരുന്ന പ്രദേശത്ത് കൊല്ലപ്പെട്ടിരിക്കുന്നതെന്നും ഇത് റിക്കവര്‍ ചെയ്ത ഡെഡ്‌ബോഡികളുടെ കണക്കാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ മാധ്യമം എക്കണോമിസ്റ്റ് പറയുന്നത് ഇതിനേക്കാള്‍ ഏറെ മനുഷ്യരവിടെ മരിച്ചിട്ടുണ്ട് എന്നാണെന്നും ആ മൃതദേഹങ്ങളിപ്പോഴും തകര്‍ന്ന കെട്ടിടത്തിന്റെ അടിയില്‍ കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഷിങ്ടണ്‍ പോസ്റ്റ് പ്രകാരം പതിനെട്ടായിരത്തി അഞ്ഞൂറ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ 21 മാസത്തിനിടെ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ആ രാഷ്ട്രത്തിന്റെ കൂടെ നീതി ഉണ്ടാകുമോ എന്നും അഭിലാഷ് ചോദിക്കുന്നു.

തൊള്ളായിരത്തി മൂപ്പത്തിയാറ് കുഞ്ഞുങ്ങള്‍ ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളാണെന്നും പാല്‍മണം മാറുന്നതിന് മുമ്പ് കുഞ്ഞുങ്ങളെ ഇത്തരത്തില്‍ കൊന്നുകളയുന്ന രാഷ്ട്രത്തിനൊപ്പം നീതി ഉണ്ടാകുമോയെന്നും നീതിയുടെ ഏത് അളവുകോല്‍ വെച്ച് അളക്കുമ്പോഴാണ് ഇത് പറയാന്‍ കഴിയുകയെന്നും അഭിലാഷ് ചോദിക്കുന്നു.

മാധ്യമങ്ങള്‍ ലോകത്തെ കാണിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുണ്ടെന്നും യുദ്ധത്തിന് നീതിയുണ്ടെങ്കിലും ഏത് യുദ്ധത്തിലും കുഞ്ഞുങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന് ജനീവ കണ്‍വെന്‍ഷനില്‍ പറഞ്ഞിട്ടുണ്ടെന്നും അഭിലാഷ് പറഞ്ഞു.

ഗസയില്‍ ഓരോ ദിവസവും ഓരോ മണിക്കൂറിലും ഓരോ കുഞ്ഞുങ്ങള്‍ വീതം കൊല്ലപ്പെടുകയാണെന്നും കുഞ്ഞുങ്ങള്‍ക്ക് ഈ ലോകത്തെ അപകടകരമായ സ്ഥലമായി ഗസ മാറിയെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഗസയെ മാറ്റിയ ഇസ്രഈലിന്റെ പക്ഷത്ത് എന്ത് നീതിയാണ് ഉള്ളതെന്നും അഭിലാഷ് ചോദിച്ചു.

വിശപ്പ് സഹിക്കാന്‍ വയ്യാതെ നില്‍ക്കുന്ന മനുഷ്യരുടെ തലക്ക് നോക്കി വെടിവെക്കുന്ന ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സിനെ നീതിയുടെ ഏത് അളവുകോല്‍ വെച്ച് അളക്കുമെന്നും ഇത്രയും വലിയ മനുഷ്യത്വ വിരുദ്ധത ലോകത്ത് ഏതെങ്കിലും യുദ്ധത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും അഭിലാഷ് ചോദിക്കുന്നു.

പട്ടിണിയെ യുദ്ധതന്ത്രം ആക്കിയതിനാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നും ഇസ്രഈലിന്റെ പ്രധാനമന്ത്രി ഒരു ക്രിമിനല്‍ ആണെന്നും അഭിലാഷ് പറഞ്ഞു.

Content Highlight: Abhilsh Mohan criticise genocide in Israel