മക്കള്‍ പറഞ്ഞതുപോലെ പ്രേമലുവും മാളികപ്പുറവും ചേര്‍ത്ത് ഒരുക്കിയ ചിത്രമാണ് സുമതി വളവെന്ന് അഭിലാഷ് പിള്ള: മാളികലു+ പ്രേമപ്പുറമായെന്ന് കമന്റുകള്‍
Malayalam Cinema
മക്കള്‍ പറഞ്ഞതുപോലെ പ്രേമലുവും മാളികപ്പുറവും ചേര്‍ത്ത് ഒരുക്കിയ ചിത്രമാണ് സുമതി വളവെന്ന് അഭിലാഷ് പിള്ള: മാളികലു+ പ്രേമപ്പുറമായെന്ന് കമന്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th October 2025, 6:30 pm

തിയേറ്റില്‍ റിലീസ് ചെയ്ത് ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ വലിയ രീതിയില്‍ ട്രോളുകളേറ്റുവാങ്ങുകയാണ് സുമതി വളവ്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തെ വെറുതേവിടാന്‍ ട്രോളന്മാര്‍ ഉദ്ദേശിക്കുന്നില്ല. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് അഭിലാഷ് പിള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് വൈറലായിരിക്കുന്നത്.

ഇളയമകള്‍ക്ക് പ്രേമലു ഒരുപാട് ഇഷ്ടമായെന്നും അതുപോലൊരു സിനിമ ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും അഭിലാഷ് പിള്ള പറഞ്ഞു. എന്നാല്‍ അത് വേണ്ടെന്നും മാളികപ്പുറം പോലുള്ള സിനിമകള്‍ ചെയ്താല്‍ മതിയെന്നുമാണ് മൂത്ത മകള്‍ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. രണ്ട് സിനിമകളും ഒരുമിച്ച വെച്ചതുപോലെ ചെയ്തതാണ് സുമതി വളവെന്നാണ് അഭിലാഷ് പിള്ള പറഞ്ഞത്.

ജൂണില്‍ നല്‍കിയ അഭിമുഖത്തിന് പിന്നാലെ അഭിലാഷ് പിള്ളയെ വീണ്ടും ‘എയറിലാക്കി’യിരിക്കുകയാണ് ട്രോളന്മാര്‍. പ്രേമലുവും മാളികപ്പുറവും ചേരുമ്പോള്‍ ഇതുപോലൊരു സിനിമ കിട്ടുമെന്ന് വിചാരിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘രണ്ട് നല്ല സിനിമകള്‍ കണ്ട് അതുപോലെ ചെയ്യാന്‍ നോക്കി, അവസാനം എയറിലായി’ എന്നാണ് മറ്റൊരു കമന്റ്.

‘ചെയ്തത് ചെയ്തു, മേലാല്‍ ആവര്‍ത്തിക്കരുത്’, ‘മാളികലു+ പ്രേമപ്പുറം എന്നാണ് കിട്ടിയത്’, ‘രണ്ട് പടങ്ങള്‍ കണ്ട് അതുപോലെ എഴുതാന്‍ നോക്കുകയും ഒരു റോളില്‍ അഭിനയിക്കുകയും ചെയ്തു’, എന്നിങ്ങനെയാണ് അഭിലാഷ് പിള്ളയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്‍. ചിത്രത്തിലെ പ്രേതത്തിനെയും കളിയാക്കുന്ന കമന്റുകള്‍ ധാരാളമുണ്ട്.

‘പലതരം പ്രേതങ്ങളെ കണ്ടിട്ടുണ്ട്, പ്രസവമെടുക്കുന്ന പ്രേതത്തിനെ ആദ്യമായിട്ട് കാണുവാ’, ‘പേടിപ്പിക്കാന്‍ നോക്കി കോമഡി പീസായ പ്രേതം’, ‘കുറച്ച് ബഹുമാനമെങ്കിലും സുമതിക്ക് കൊടുത്തിരുന്നെങ്കില്‍ ഈ സിനിമ ചെയ്യില്ലായിരുന്നു’, എന്നിങ്ങനെയാണ് സിനിമയിലെ പ്രേതത്തെക്കുറിച്ചുള്ള കമന്റുകള്‍. ഹൊറര്‍ സീനുകളെല്ലാം പ്രേക്ഷകരെ ചിരിപ്പിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഒ.ടി.ടി റിലീസിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ചയായത് ചിത്രത്തിലെ ഇന്റര്‍വെല്‍ സീനായിരുന്നു. സീരിയസായി പൊയ്‌ക്കൊണ്ടിരിക്കുന്ന സീനില്‍ മനോജ് കെ.യുവിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ട്രോളന്മാര്‍ കീറിമുറിച്ചു. എന്നാല്‍ അത് താന്‍ എഴുതിയതല്ലെന്ന് അഭിലാഷ് പിള്ള പറഞ്ഞതും ട്രോളുകള്‍ക്ക് വഴിവെച്ചു.

Content Highlight: Abhilash Pillai’s old interview gone viral